വളത്തിന് കടുത്ത ക്ഷാമം; പുഞ്ചകൃഷിക്ക് പ്രതിസന്ധി
text_fieldsകോട്ടയം: ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ നെൽകർഷകരെ പ്രതിസന്ധിയിലാക്കി രാസവളത്തിന് കടുത്ത ക്ഷാമം. പുഞ്ച കൃഷി പുരോഗമിക്കുന്നതിനിടെ, യൂറിയ അടക്കം ലഭിക്കാത്തത് ഉൽപാദനത്തെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവയും കിട്ടാനില്ല. കർഷകർ ഏറ്റവുമധികം ഉപയോഗിക്കുന്ന സമ്മിശ്ര വളമായ ഫാക്ടംഫോസിന്റെ ക്ഷാമമാണ് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. നെൽച്ചെടികൾക്ക് യൂറിയ നൽകേണ്ട സമയമാണിപ്പോൾ. എന്നാൽ, പലയിടങ്ങളിലും കതിരണിഞ്ഞിട്ടും യൂറിയ കിട്ടാനില്ല.
ഒരു ഏക്കറിന് 50 കിലോ ഫാക്ടംഫോസ്, 20 കിലോ പൊട്ടാഷ്, 15 മുതൽ 25 കിലോ വരെ യൂറിയ എന്ന ക്രമത്തിലാണ് നെൽച്ചെടികൾക്ക് വളം നൽകുന്നത്. വളപ്രയോഗത്തിന്റെ സമയം തെറ്റിയാൽ വിളവിനെ ബാധിക്കുമെന്നതിനാൽ രാസവളത്തിനായി കർഷകർ നെട്ടോമോടുകയാണ്. പ്രതിവർഷം ഒരുലക്ഷത്തിലേറെ മെട്രിക് ടൺ പൊട്ടാഷ് ആവശ്യമുള്ള സംസ്ഥാനത്ത് ഇത്തവണ കടുത്ത ക്ഷാമമാണ് നേരിടുന്നത്. നെല്ല് മുളപൊട്ടുന്ന സമയത്ത് വളമില്ലാതെ വന്നാൽ ഉൽപാദനം കുത്തനെ കുറയുമെന്നും കർഷകർ പറയുന്നു.
യൂറിയ അടക്കമുള്ളവ സബ്സിഡിയോടെ സഹകരണ മേഖല വഴി വിതരണം ചെയ്യുന്നതും കാര്യക്ഷമമല്ല. ആവശ്യത്തിന് സ്റ്റോക്ക് എത്തിയാലും സഹകരണ ബാങ്കിന് കീഴിലുള്ള വളം വിൽപന കേന്ദ്രങ്ങളിൽ ഇവ എത്തിക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല. മുൻകൂർ പണം നൽകിയാലെ യൂറിയയും പൊട്ടാഷും ലഭിക്കൂ. പ്രതിസന്ധി മറയാക്കി ഗുണനിലവാരമില്ലാത്ത സ്വകാര്യ കമ്പനികളുടെ കൂട്ടുവളങ്ങളും ജൈവവളങ്ങളും കർഷകരിൽ അടിച്ചേൽപിക്കാൻ നീക്കമുണ്ടെന്നും ആക്ഷേപമുണ്ട്.
ഒരു ചാക്ക് യൂറിയക്ക് 1750 രൂപയാണ് വില. 280 രൂപയാണ് സബ്സിഡി നിരക്ക്. സഹകരണ സ്ഥാപനങ്ങളുടെ കൈവശം യൂറിയ ഇല്ലാതായതോടെ വ്യാപാരികൾ കൂടുതൽ തുക വാങ്ങുന്നതായും പരാതിയുണ്ട്.
ഇതിനിടെ, വളം വിലയിലെ വർധനയും കർഷകർക്ക് തിരിച്ചടിയാണ്. ഫാക്ടംഫോസ് ചാക്കിന് 1225 രൂപയില്‍നിന്ന് 1400 ആയിട്ടാണ് വില ഉയർന്നിരിക്കുന്നത്. വിലക്കയറ്റത്തിനും ക്ഷാമത്തിനും പിന്നില്‍ രാസവളനിര്‍മാണ കമ്പനികളാണെന്ന് വില്പനക്കാര് പറയുന്നു. വളത്തിലെ മുഖ്യചേരുവയായ ഫോസ്ഫോറിക് ആസിഡിന്റെ ഇറക്കുമതി തീരുവ കൂട്ടിയതാണ് വിലകൂടാന്‍ കാരണമെന്നാണു വളം നിര്‍മാണ കമ്പനികളുടെ വാദം.
ഇ-പോസ് മെഷീനിലൂടെ വളം നൽകുന്ന ഡീലർമാർ യഥാസമയം വളത്തിന്റെ സ്റ്റോക്ക് ആധാർ നമ്പർ ഉപയോഗിച്ച് രേഖപ്പെടുത്താത്തതും ലഭ്യതയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നതായും വിതരണ കമ്പനികൾ പറയുന്നു.
ക്ഷാമം മുതലെടുത്തു തമിഴ്നാട്ടില്‍നിന്ന് കരിഞ്ചന്തയിലെത്തിക്കുന്ന വളങ്ങള്‍ വാങ്ങി താല്‍ക്കാലിക ആശ്വാസം കണ്ടെത്തുകയാണ് കര്‍ഷകര്‍. കടം വാങ്ങി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഇത് താങ്ങാവുന്നതിനപ്പുറമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ചാണകത്തിന് ഡിമാൻഡ്
കോട്ടയം: ആവശ്യമേറിയതോടെ ചാണകത്തിനും ക്ഷാമം. ഒപ്പം വിലയും വർധിച്ചു. ഫാക്ടംഫോസ്, പൊട്ടാഷ് തുടങ്ങിയ വളങ്ങൾക്ക് ക്ഷാമം നേരിടുന്നതാണ് ചാണകത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചത്. കോഴിക്കാഷ്ടംഉപയോഗിക്കുന്നതുമൂലം വിളകൾക്ക് രോഗം ഉണ്ടാകുന്നതുമൂലം ജില്ലയിലെ കപ്പ, വാഴ കർഷകരും ചാണകത്തിലേക്ക് മാറി. ഇടമഴ ലഭിച്ചതോടെ ചാണകം വ്യാപകമായി ഉപയോഗിച്ചുതുടങ്ങി.
ഒപ്പം കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ചാണകം കൊണ്ടുപോകുന്നതും പ്രാദേശികമായ ക്ഷാമത്തിന് കാരണമാകുന്നുണ്ട്. മധ്യകേരളത്തിൽനിന്ന് ലോഡ് കണക്കിന് ചാണകമാണ് കർണാടകയിലേക്ക് കൊണ്ടുപോകുന്നത്. റംബൂട്ടാൻ, കമുക്, ഡ്രഗൺ ഫ്രൂട്ട് എന്നിവ കർണാടക കേന്ദ്രീകരിച്ച് മലയാളികൾ കൃഷി ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. അവിടെ ചാണകത്തിന് ലഭ്യതക്കുറവും അധികവിലയും ആയതിനാൽ ഇവർ ഇവിടെനിന്ന് വാങ്ങുകയാണ്. ഇതോടെയാണ് വിലയും ഉയർന്നത്.
ഉണങ്ങിയ ചാണകത്തിന് പാട്ടക്ക് 35 രൂപയായിരുന്നത് ഇപ്പോൾ 50 ആയി വർധിച്ചു. വില വർധന ക്ഷീര കർഷകർക്ക് ആശ്വാസകരമാണെന്ന് കർഷക കോൺഗ്രസ് ക്ഷീര സെൽ ജില്ല ചെയർമാൻ എബി ഐപ് പറഞ്ഞു. ചാണകം പൊടിച്ച് ഉണക്കുന്ന മിഷനുകൾ സബ്സിഡി നിരക്കിൽ കർഷകർക്ക് ലഭ്യമാണ്. ഇത് പ്രയോജനപെടുത്തിയാൽ ക്ഷീര കർഷകർക്ക് അധികവരുമാനം ഉറപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

