ശബരിമല വിമാനത്താവളം; അടയാളമിടൽ ഉടൻ ആരംഭിക്കും
text_fieldsശബരിമല വിമാനത്താവള സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പട്ട്
എരുമേലിയിൽ നടന്ന സർവകക്ഷി പ്രതിനിധിയോഗം ചീഫ് വിപ്പ് എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു
എരുമേലി: നിർദിഷ്ട ശബരി ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി വിദഗ്ധസംഘം തയാറാക്കിയ മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള സ്ഥലത്ത് പെഗ് മാർക്കിങ് നടപടി ഉടൻ ആരംഭിക്കും. ഇതിനായുള്ള ടെൻഡർ നടപടി പൂർത്തിയായി. നവംബർ അവസാനത്തോടെ പെക് മാർക്കിങ് നടപടി പൂർത്തിയാക്കാനാണ് ആലോചന. ഇതിനുശേഷം നോട്ടിഫിക്കേഷൻ പുറത്തിറക്കുകയും സർവേ ഡിപ്പാർട്മെന്റ് സ്ഥലം അളന്നുതിരിക്കുകയും ചെയ്യും.
റൺവേക്ക് വേണ്ടിയുള്ള പെക് മാർക്കിങ് നടപടിയാണ് നടക്കുന്നത്. ഈ നടപടി പൂർത്തിയായാൽ മാത്രമേ സ്ഥലമേറ്റെടുപ്പ് ബാധിക്കുന്നവരുടെ നഷ്ടം കണക്കാക്കാൻ കഴിയൂ. സർവേ നമ്പറിൽ ഉൾപ്പെട്ട സ്ഥലം പൂർണമായും ഏറ്റെടുക്കേണ്ടിവരില്ലെന്നും റൺവേക്ക് ആവശ്യമായ സ്ഥലം മാത്രമേ ഏറ്റെടുക്കുകയുള്ളൂവെന്നുമാണ് ബന്ധപ്പെട്ടവർ പറയുന്നത്. ലൂയിസ് ബർഗ് കമ്പനിയാണ് വിദഗ്ധ പഠനം നടത്തി റിപ്പോർട്ട് തയാറാക്കുന്നത്.
വിമാനത്താവളത്തിനായി 1039.8 ഹെക്ടർ ഭൂമിയാണ് വേണ്ടത്. 916.27 ഹെക്ടർ ഭൂമി ചെറുവള്ളി എസ്റ്റേറ്റിലെയും 123.53 ഹെക്ടർ ഭൂമി സ്വകാര്യ വ്യക്തികളുടേതുമാണ്. നീളത്തിലുള്ളതും സുരക്ഷിതവുമായ റൺവേയും സിഗ്നൽ ലൈറ്റുകളും നിർമിക്കുന്നതിന് സ്വകാര്യ വ്യക്തികളുടെ സ്ഥലവും ആവശ്യമായിവരുന്നുണ്ട്. ഈ സ്ഥലത്താണ് പെക് മാർക്കിങ് നടക്കുന്നത്. എന്നാൽ, പെക് മാർക്കിങ് നടപടിക്ക് മുമ്പ് സ്ഥലമേറ്റെടുപ്പ് ബാധിക്കുന്ന വ്യക്തികളെ വിശ്വാസത്തിലെടുക്കുന്ന നടപടികളും ആരംഭിച്ചു.
ഇതിന്റെ ഭാഗമായി എരുമേലിയിൽ സർവകക്ഷി പ്രതിനിധിയോഗം ചേർന്നു. സ്ഥലമേറ്റെടുപ്പ് ബാധിക്കുന്ന വ്യക്തികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്നതിന് ആവശ്യമായ നടപടി വേണമെന്ന് സർക്കാറിൽ ശിപാർശ ചെയ്യാൻ യോഗത്തിൽ തീരുമാനമായി. ഗവ. ചീഫ് വിപ്പ് എൻ. ജയരാജ് യോഗം ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, വൈസ് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ, നാസർ പനച്ചി, ഹർഷകുമാർ, അനിത സന്തോഷ്, അനുശ്രീ സാബു, ഷാനവാസ്, പ്രകാശ് പുളിക്കൻ, ജോസ്, പി.എച്ച് ഷാജഹാൻ, ടി.വി ജോസഫ്, തങ്കമ്മ ജോർജ്കുട്ടി, അനിയൻ എരുമേലി, സലീം വാഴമറ്റം, ജിജിമോൾ സജി, റെജി അമ്പാറ, സലീംകണ്ണങ്കര, മറിയാമ്മ മാത്തുക്കുട്ടി, സുനിൽ ചെറിയാൻ, പി.കെ തുളസി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

