തൃക്കൊടിത്താനത്ത് കാട്ടുപന്നി ആക്രമണം രൂക്ഷം; കൃഷി നശിപ്പിച്ചു
text_fieldsതൃക്കൊടിത്താനം പഞ്ചായത്ത് അംഗം ഷേർലി ഹരികൃഷ്ണന്റെ കൃഷിത്തോട്ടം കാട്ടുപന്നികൾ നശിപ്പിച്ച നിലയിൽ
ചങ്ങനാശ്ശേരി: തൃക്കൊടിത്താനം പഞ്ചായത്ത് പ്രദേശത്ത് കാട്ടുപന്നി അക്രമം രൂക്ഷമെന്ന് പരാതി ഉയരുന്നു. മാടപ്പള്ളി, തൃക്കൊടിത്താനം പഞ്ചായത്തുകളുടെ അതിർത്തികൾ പങ്കിടുന്ന അമര, പ്ലാന്തോട്ടം ചെമ്പുപുറം, കിഴക്കേക്കുന്ന്, വാലോലിക്കൽ മേഖലകളിലാണ് കാട്ടുപന്നി ശല്യം കൂടുതലായുള്ളത്. 12ാം വാർഡ് മെംബർ ഷേർലി ഹരികൃഷ്ണന്റെ പറമ്പിലെ 80 മൂടുചേനയും ഇഞ്ചിക്കൃഷിയും കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചിരുന്നു. ചെരുവുപറമ്പിൽ തങ്കച്ചൻ, കാരിമുട്ടം ഭാഗത്തെ ദിലീപ് കുമാർ എന്നിവരുടെ കൃഷിയിടങ്ങളും കഴിഞ്ഞ ദിവസത്തെ കാട്ടുപന്നി ആക്രമണത്തിൽ നശിച്ചു. കപ്പയും വാഴയും കുത്തിമറിച്ചിട്ടു.
കൃഷിയിടങ്ങൾ നശിച്ചതോടെ പല കുടുംബങ്ങളുടെയും വരുമാനം നിലച്ചു. ചിലർ മനസ്സ് മടുത്ത് കൃഷി തന്നെ ഉപേക്ഷിച്ചു. കാട്ടുപന്നി അക്രമണത്തിനെതിരെ നടപടി സ്വീകരിക്കാൻ രണ്ട് പഞ്ചായത്ത് ഭരണസമിതികളോടും നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ തയാറാവുന്നില്ലന്ന് വാർഡംഗം ഷേർലി ഹരികൃഷ്ണൻ പറഞ്ഞു. കാട്ടുപന്നി ശല്യത്തെ പ്രതിരോധിക്കാൻ ഷൂട്ടർമാരെ എത്തിക്കുമെന്ന് തൃക്കൊടിത്താനം, മാടപ്പള്ളി പഞ്ചായത്ത് ഭരണസമിതികൾ പറയുന്നുണ്ടങ്കിലും പഞ്ചായത്ത് ലൈസൻസുള്ള ഷൂട്ടർമാരെ ലഭിക്കാത്തതാണ് പ്രതിസന്ധിയെന്നാണ് പറയുന്നത്. ഏറെ ദൂരത്ത് നിന്ന് ഷൂട്ടർമാരെ എത്തിക്കുമ്പോഴേക്കും കാട്ടുപന്നി കാടുകയറുമെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

