ജീപ്പ് കാറിലും ബസിലും ഇടിച്ച് ഏഴുപേർക്ക് പരിക്ക്
text_fieldsകെ.ഇ റോഡിൽ ഒന്നാംമൈലിന് സമീപമുണ്ടായ അപകടം
കാഞ്ഞിരപ്പള്ളി: അമിതവേഗത്തിലെത്തിയ ജീപ്പ് കാറിലും ബസിലും ഇടിച്ച് ഏഴുപേർക്ക് പരിക്ക്. കെ.ഇ റോഡിൽ ഒന്നാംമൈലിന് സമീപം ശനിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. വളവിൽ ബസിനെ ഓവർടേക് ചെയ്ത ജീപ്പ് എതിരെവന്ന ഇന്നോവയിൽ ഇടിച്ച് സ്വകാര്യ ബസിലും ഇടിച്ചശേഷം സമീപത്തെ കൽക്കട്ടിൽ ഇടിച്ചുനിൽക്കുകയായിരുന്നു.
തിരുവനന്തപുരം ശംഖുമുഖത്തുനിന്ന് വാഗമണ്ണിലേക്ക് പോവുകയായിരുന്ന ഇൻഫോസിസ് ജീവനക്കാരായ ലിംഫോർട്ട് സ്റ്റീഫൻ, രഹ്ന വിജയൻ, ചക്കുമോൾ എന്നിവർക്കും ജീപ്പിലുണ്ടായിരുന്ന കൈതത്തോട്ടം ജീവനക്കാരായ എരുമേലി മുട്ടപ്പള്ളി സ്വദേശികളായ, നൗഫൽ, സീനത്ത്, മുണ്ടക്കയം പുലിക്കുന്ന് സ്വദേശികളായ ബ്രിജിത്, സജിനി എന്നിവർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാളകെട്ടിയിലെ ജോലിസ്ഥലത്ത് ജീവനക്കാരെ ഇറക്കിയശേഷം മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്നു ജീപ്പ്. ജീപ്പിന്റെ അമിതവേഗമാണ് അപകടത്തിന് വഴിവെച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ജീപ്പിന്റെ ടയർ ഊരിത്തെറിച്ചുപോയി. ഇന്നോവക്കും കാര്യമായ കേടുപാടുകളുണ്ട്. അപകടത്തെ തുടർന്ന് അരമണിക്കൂറോളം കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റൂട്ടിൽ ഗതാഗതം സ്തംഭിച്ചു.തുടർന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപെട്ട വാഹനങ്ങൾ റോഡിൽനിന്ന് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

