ഓണസദ്യക്ക് സമയലാഭം; അരിഞ്ഞ് റെഡിയാക്കിയ പച്ചക്കറിക്കിറ്റുകളുമായി പാമ്പാടി സഹ. ബാങ്ക്
text_fieldsപാമ്പാടി സർവീസ് സഹകരണ ബാങ്കിന്റെ റെഡി ടു കുക്ക് വിപണന
കേന്ദ്രത്തിലേക്കുള്ള പച്ചക്കറി കിറ്റുകൾ തയാറാക്കുന്ന ജീവനക്കാർ
കോട്ടയം: വാങ്ങിയ പച്ചക്കറികൾ അരിഞ്ഞ് തയാറാക്കി സമയം കളയണ്ട, ഇത്തവണ അരിഞ്ഞ് റെഡിയാക്കിയ പച്ചക്കറികൾ ഒരുപാട് വീടുകളിൽ ഓണസദ്യയുടെ ഭാഗമാകും. പാമ്പാടി സർവീസ് സഹകര ണ ബാങ്കിന്റെ കീഴിലാണ് ‘ റെഡി ടു കുക്ക്’ പച്ചക്കറി തയാറാകുന്നത്. ഓണം സ്പെഷൽ പച്ചക്കറിക്കൂട്ടുകൾ 31 വരെ ബുക്ക് ചെയ്യാം. ഉത്രാടദിവസം ഉച്ചകഴിഞ്ഞാണ് വിതരണം. അവിയലിനും സാമ്പാറിനുമുള്ള അരിഞ്ഞ പച്ചക്കറികൾ ഓരോ കിലോ വീതവും മെഴുക്കുപുരട്ടിക്കുള്ളത് അരക്കിലോയും ഏത്തക്കായയും ഉൾപ്പെടുന്ന കിറ്റാണ് ഓണം സ്പെഷൽ. 12 പേർക്കുള്ള സദ്യവിഭവങ്ങളടങ്ങിയ കിറ്റിന് 749 രൂപയാണ് വില.
അവിയൽ, സാമ്പാർ, മെഴുക്കുപുരട്ടി, തോരൻ തുടങ്ങിയവക്കുള്ള അരക്കിലോ പാക്കറ്റുകളും ഇവിടെ കിട്ടും. ഓരോ പാക്കറ്റിലും തേങ്ങാ ചിരകിയത്, പച്ചമുളക്, സവാള, ഉള്ളി എന്നിവയുമുണ്ട്. സാമ്പാർ, അവിയൽ കിറ്റുകൾക്ക് 60 രൂപയാണ് വില. ദിവസവും മുന്നൂറിലേറെ പാക്കറ്റുകൾ വിൽക്കുന്നുണ്ട്. ഗ്രാമപഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലെ പച്ചക്കറി സ്റ്റാളിൽ പാമ്പാടിയിൽനിന്ന് മാത്രമല്ല, അയൽ പ്രദേശങ്ങളിൽനിന്നും ആളുകളെത്തുന്നുണ്ട്.
ബാങ്ക് ഓഫിസിനോട് ചേർന്ന് പ്രവർത്തിക്കുന്ന കാർഷിക വികസന വിപണനകേന്ദ്രത്തിലാണ് പച്ചക്കറികൾ അരിഞ്ഞ് പാക്കറ്റിലാക്കുന്നത്. നാല് വനിതകൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. അരിയുന്നത് മുതൽ ചില്ലറിൽ വെച്ച് സൂക്ഷിക്കുന്നതിനാൽ ഫ്രഷ് ആയിത്തന്നെ ഉപഭോക്താക്കൾക്ക് ലഭിക്കും. കർഷകർക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി നാട്ടിൽനിന്നും ലഭിക്കുന്ന പച്ചക്കറികളും കിറ്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉണക്ക കപ്പകൊണ്ടുള്ള ബിരിയാണിക്കൂട്ട്, റെഡി ടു കുക്ക് ഇടിയപ്പം, ഉപ്പുമാവ്, ചക്കകൊണ്ടുള്ള പുട്ടുപൊടി, പൊക്കാളി അരിയുടെ പുട്ടുപൊടി തുടങ്ങി സഹകരണമേഖലയിൽനിന്നുള്ള മറ്റുൽപ്പന്നങ്ങളുടെയും വിൽപ്പന ഇവിടെയുണ്ട്. ബുക്കിങിന് 9495683814, 9495344619 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

