ശബരിമല-മണ്ഡല മകരവിളക്ക് തീർഥാടനം; കോട്ടയം മേഖലയിലെ മുന്നൊരുക്കം വിലയിരുത്തി
text_fieldsകോട്ടയം: ശബരിമല-മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് തിരുനക്കര ഇടത്താവളം, കോട്ടയം മെഡിക്കൽ കോളജ് കൺട്രോൾ റൂം, കോട്ടയം റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ മുന്നൊരുക്കങ്ങൾ ആർ.ഡി.ഒ നിജു കുര്യന്റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗം വിലയിരുത്തി. റെയിൽവേ സ്റ്റേഷനിൽനിന്ന് ആളുകളെ കയറ്റുന്ന ടാക്സി, ടൂറിസ്റ്റ് വാഹന ഉടമകളില്‍നിന്ന് ഈടാക്കുന്ന തുക സംബന്ധിച്ച ആക്ഷേപങ്ങൾ റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ യോഗം തീരുമാനിച്ചു.
വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്തർ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനിലെയും ഇടത്താവളത്തിന് സമീപത്തെയും നഗരത്തിലെ മറ്റു പ്രദേശങ്ങളിലെയും ഹോട്ടലുകളിലെ ഭക്ഷണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഭക്ഷ്യ സുരക്ഷാവകുപ്പ് കർശന പരിശോധന നടത്തും. അമിത വില ഈടാക്കുന്നതിനെതിരെ ലീഗൽ മെട്രോളജി വകുപ്പ് സ്ക്വാഡുകള്‍ ജാഗ്രത പുലര്‍ത്തും.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഏകീകൃത ഫോണ്‍ നമ്പർ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കും. അപകടത്തെ തുടര്‍ന്നോ, മറ്റു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ മൂലമോ കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുന്ന ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരുടെ കൂടെ വരുന്നവർക്ക് താൽകാലിക താമസസൗകര്യം ഒരുക്കുന്നതിന് ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും.
ഭക്ഷ്യസുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാത്ത അനധികൃത സൗജന്യ ഭക്ഷ്യവിതരണത്തിനെതിരെ നടപടിയെടുക്കും. കെ.എസ്.ആർ.ടി. ബസ് സ്റ്റാൻഡിന് മുന്നിൽ പ്രൈവറ്റ് ബസുകളുടെ അനധികൃത സ്റ്റോപ് അനുവദിക്കില്ല. തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഇടത്താവളത്തില്‍ കുടിവെള്ള ലഭ്യത വാട്ടർ അതോറിറ്റി ഉറപ്പാക്കും.
അയ്യപ്പഭക്തർ കുളിക്കാൻ ഉപയോഗിക്കുന്ന ക്ഷേത്രക്കുളത്തിലെ സുരക്ഷ സംവിധാനങ്ങൾ ശക്തമാക്കാനും യോഗം തീരുമാനിച്ചു. കോട്ടയം താലൂക്ക് ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരൻ, ഡിവൈ.എസ്.പി കെ.ജി. അനീഷ്, തഹസിൽദാർ സിറിൽ സഞ്ജു ജോർജ്, വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയർ ബാസ്റ്റിൻ ജോൺ, ഭക്ഷ്യ സുരക്ഷാ ഓഫിസർ ജി.എസ്. സന്തോഷ്കുമാർ, കോട്ടയം റെയിൽവേ സ്റ്റേഷൻ സ്റ്റേഷൻ മാനേജർ പി. പ്രദീപ്, ജില്ല ട്രാൻസ്പോർട്ട് ഓഫിസർ എസ്. രമേഷ്, ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഇ. അർച്ചന, അയ്യപ്പ സേവാസംഘം പ്രതിനിധികളായ ജയകുമാർ, ഹരിക്കുട്ടൻ, കെ. വിജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.

