Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവർഷങ്ങളായി ഇഴഞ്ഞ് ശബരി...

വർഷങ്ങളായി ഇഴഞ്ഞ് ശബരി റെയിൽവേ പദ്ധതി; ഭൂമിയേറ്റെടുക്കലിലെ അനിശ്ചിതത്വവും ആശങ്കകളും തുടരുന്നു

text_fields
bookmark_border
വർഷങ്ങളായി ഇഴഞ്ഞ് ശബരി റെയിൽവേ പദ്ധതി; ഭൂമിയേറ്റെടുക്കലിലെ അനിശ്ചിതത്വവും ആശങ്കകളും തുടരുന്നു
cancel
camera_alt

ശാപമോക്ഷം തേടി: മൂവാറ്റുപുഴ കിഴക്കേകരയിൽ നിർദിഷ്ട റെയിൽവേ സ്റ്റേഷനുവേണ്ടി സ്ഥാപിച്ച കല്ല് കാടുകയറിയ നില‍യിൽ

റെയിൽവേ നിർദേശമനുസരിച്ച് പുതുക്കിയ എസ്റ്റിമേറ്റിന് 2024ലാണ് കേരളം അംഗീകാരം നൽകിയത്. തുടർന്ന് 2025 ജൂണിൽ ഡൽഹിയിലെത്തിയ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും റെയിൽവേയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി വി. അബ്ദുറഹ്മാനും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് പദ്ധതിക്ക് പുതുജീവൻവെച്ചത്. അപ്പോഴേക്കും ചെലവ് കുതിച്ചുയർന്നിരുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് 550 കോടിയിൽ തീരുമെന്ന് കരുതിയ പദ്ധതിയുടെ ഇപ്പോഴത്തെ ചെലവ് കണക്കാക്കുന്നത് 3,810 കോടിയാണ്.

വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയക്കാനും ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിക്കാനും തീരുമാനിച്ചത് ആ കൂടിക്കാഴ്ചയോടെയാണ്. ശേഷം കഴിഞ്ഞ ഫെബ്രുവരി 14ന് ചേർന്ന സംസ്ഥാന മന്ത്രിസഭ യോഗം അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ 50 ശതമാനം ചെലവ് വഹിക്കാനും 1,900 കോടി രൂപ കിഫ്ബി വഴി നൽകാനും തീരുമാനിക്കുകയും ചെയ്തു. രാജ്യത്താദ്യമായാണ് ഒരു റെയിൽവേ പദ്ധതിക്ക് സംസ്ഥാനം പാതി ചെലവ് വഹിക്കാൻ തീരുമാനിച്ചത്.

പുതിയ തീരുമാനത്തോടെ റെയിൽ പാതക്കായുളള സ്ഥലമേറ്റെടുക്കൽ നടപടികൾ കഴിഞ്ഞ ജൂലൈയിൽ ആരംഭിക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. കാലടി മുതൽ തൊടുപുഴ വരെയുള്ള ദൂരം 48 കിലോമീറ്ററാണെന്നും 720 കോടി രൂപയുണ്ടെങ്കിൽ തൊടുപുഴ വരെ പാത നിർമിക്കാൻ കഴിയുമെന്നും മന്ത്രി അന്ന് വ്യക്തമാക്കി. എന്നാൽ, ഈ പ്രസ്താവനക്ക് ശേഷവും സ്ഥലമേറ്റെടുപ്പടക്കം തുടർനടപടികൾ വീണ്ടും ഇഴയുകയാണ്.

ഏറ്റെടുക്കേണ്ടത് 305 ഹെക്ടർ ഭൂമി

എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, ആലുവ താലൂക്കുകളിലായി 152.05 ഹെക്ടര്‍, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളില്‍ 119.89 ഹെക്ടര്‍, ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ 33.77 ഹെക്ടര്‍ എന്നിങ്ങനെ ആകെ 305.71 ഹെക്ടറാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. എറണാകുളം ജില്ലയിൽ 17 വില്ലേജുകളിലെയും ഇടുക്കിയിൽ മൂന്നും കോട്ടയത്ത് 13ഉം വില്ലേജുകളിലാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ മാർച്ചിൽ സർക്കാർ ജില്ല കലക്ടർമാർക്ക് നിർദേശം നൽകിയിരുന്നു. പിന്നാലെ ഭൂമിയേറ്റെടുക്കൽ നടപടികൾക്കായി മൂന്ന് ജില്ലകളിലും പ്രത്യേക റവന്യൂ വകുപ്പ് ഓഫിസുകൾ തുറക്കുന്നതായും അറിയിപ്പുകൾ വന്നു.

എന്നാൽ, വീണ്ടും നടപടികൾ ഇഴഞ്ഞ് തന്നെ. പിന്നാലെ സംസ്ഥാനത്തെ ഭരണമാറ്റത്തെ തുടർന്നുണ്ടാകുന്ന സാഹചര്യവും പദ്ധതിക്ക് പ്രതികൂലമാകുമോയെന്ന ആശങ്ക ഭൂവുടമകൾക്കുണ്ട്. കിഫ്ബിയുമാ‍യി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കുന്ന നടപടികളാണ് ഇതിൽ പ്രധാനം. പദ്ധതിക്ക് സംസ്ഥാന സർക്കാർ പാതി തുക വഹിക്കാൻ തീരുമാനിച്ചത് കിഫ്ബി മുഖേനയാണ്. കിഫ്ബിയുടെ ഭാവി പുതിയ സർക്കാരിന്റെ കൈയിലാണെന്നതിനാൽ പാതയുടെ ഭാവിയും അതിലെ നടപടികളെ ആശ്രയിച്ചിരിക്കുമെന്നാണ് വിലയിരുത്തൽ. പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച സപ്ലിമെന്ററി ബജറ്റിൽ പാതയെ കുറിച്ച് മൗനം പാലിച്ചതും ചർച്ചയായി.

ദുരിതം ഇനിയെത്ര നാൾ?

വ്യവസായ-വാണിജ്യ-വിനോദസഞ്ചാര-ഗതാഗത മേഖലകളിൽ വഴിത്തിരിവാകേണ്ട പദ്ധതിയാണ് മൂന്ന് പതിറ്റാണ്ടോളമായി ഫയലുകളിലിഴയുന്നത്. അങ്കമാലി-ശബരി റെയിൽ പദ്ധതിക്ക് ശേഷം പ്രഖ്യാപിച്ച പല വമ്പൻ പദ്ധതികളും യാഥാർഥ്യമായി.

നിലവിലെ സാഹചര്യത്തിൽ പദ്ധതി യാഥാർഥ്യമാകാൻ കടമ്പകളേറെയാണ്. അതിന് സർക്കാറുകളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തൊരുമയോടെ പ്രവർത്തിക്കണം. അതിനാവശ്യമായ ജനവികാരമാണ് ഇനി രൂപപ്പെടേണ്ടത്. വാഗ്ദാനങ്ങൾക്കപ്പുറത്ത് ക്രിയാത്മക ഇടപെടലുകളുണ്ടായില്ലെങ്കിൽ നിർദിഷ്ട പദ്ധതി രണ്ടായിരത്തിലേറെ ഭൂവുടമകളുടെയും അതുവഴി മൂന്ന് ജില്ലകളുടെയുംമേൽ ഒഴിയാബാധയായി മാറും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sabari railland acquisition
News Summary - Sabari Rail Project Drags On for Years
Next Story