കോട്ടയത്തുകാർ ചോദിക്കുന്നു; ശബരിക്ക് എന്തിനിത്ര ധിറുതി
text_fieldsകോട്ടയം: ഉച്ചക്ക് 1.10ന് കോട്ടയം വിടുന്ന ശബരി എക്സ്പ്രസ് കൊല്ലത്തെത്തുന്നത് വൈകീട്ട് നാലിന്. തിരുവനന്തപുരത്ത് എത്തുന്ന സമയം 6.05. പിന്നെന്തിനാണ് കോട്ടയത്തുനിന്ന് ഇത്ര വേഗം പോകുന്നതെന്ന് യാത്രക്കാർ ചോദിക്കുന്നു. ഉച്ചക്കുശേഷം കോട്ടയം മുതൽ തിരുവനന്തപുരംവരെയുള്ള യാത്രക്കാർ, പ്രത്യേകിച്ചും ജോലിക്കാർ കൂടുതലായി ആശ്രയിക്കുന്ന ട്രെയിനുകളാണ് ശബരി, പരശുറാം, വേണാട് തുടങ്ങിയവയും മെമുവും.
ഇവയിലെല്ലാം തിരക്കുകാരണം യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. ഇതിനിടയാണ് ശബരി എക്സ്പ്രസ് (17230) ഓടിയെത്തുന്ന സമയത്തിൽ റെയിൽവേ മാറ്റം വരുത്തിയത്. നേരത്തേ 2.10ന് കോട്ടയം വിട്ടിരുന്ന ശബരി ഇപ്പോൾ ഒരു മണിക്കൂർ നേരത്തേ, 1.10ന് കോട്ടയം വിടും. എന്നാൽ, ഈ ട്രെയിൻ കൊല്ലം വിടേണ്ട സമയം 4.05ആണ്. കോട്ടയത്തുനിന്ന് ധിറുതി പിടിച്ചുപോകുന്ന ശബരി പലപ്പോഴും നാലു കഴിഞ്ഞാണ് കൊല്ലം പ്ലാറ്റ്ഫോമിൽ കയറുന്നത്. 2.30ന് കോട്ടയത്തുനിന്ന് വിട്ടാലും ആറിനുമുമ്പ് തിരുവനന്തപുരത്ത് എത്താം.
മിക്ക ദിവസങ്ങളിലും മൂന്നുമണിക്കു മുമ്പേ കരുനാഗപ്പള്ളിവിടുന്ന ശബരി പെരിനാട് സ്റ്റേഷനിൽ മുക്കാൽ മണിക്കൂറോളം പിടിച്ചിട്ടശേഷം നാലു മണിയോടെ മാത്രമാണ് കൊല്ലം സ്റ്റേഷനിൽ എത്തുന്നത്. ഫലത്തിൽ കോട്ടയം-കൊല്ലം യാത്രക്ക് ശബരിയെടുക്കുന്ന സമയം മൂന്നു മണിക്കൂർ. ശബരിയുടെ സമയം മാറ്റിയത് മുതൽ എറണാകുളം കൊല്ലം മെമുവിലും പരശുറാമിലും തിരക്ക് വർധിച്ചു. പലപ്പോഴും നിന്നുപോലും പോകാൻ പറ്റാത്ത സ്ഥിതിയാണ്. ചില യാത്രക്കാർ തളർന്നുവീണ സംഭവംവരെ ഉണ്ടായിട്ടും യാത്രക്കാരെ ദ്രോഹിക്കുന്ന നിലപാടിൽനിന്ന് റെയിൽവേ അണുവിട മാറുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

