ഭൂമിക്കടിയിൽ മുഴക്കം നാട്ടിൽ ആശങ്കയുടെ കുലുക്കം
text_fieldsകോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽനിന്ന് അസാധാരണ മുഴക്കം അനുഭവപ്പെടുമ്പോഴും കാരണമെന്തന്നതിൽ അവ്യക്തത. ചേനപ്പാടിക്ക് പിന്നാലെ ചൊവാഴ്ച രാത്രിയിൽ നെടുംകുന്നം, കറുകച്ചാൽ പഞ്ചായത്തുകളിലാണ് മുഴക്കവും പ്രകമ്പനം അനുഭവപ്പെട്ടത്. ദിവസങ്ങൾക്കുള്ളിൽ വീണ്ടും പ്രകമ്പനം അനുഭവപ്പെട്ടതിൽ നാട്ടുകാർ ആശങ്കയിലുമാണ്. എന്നാൽ, അസ്വാഭാവികമായൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് ജിയോളജി വകുപ്പ് വിശദീകരിക്കുന്നത്. ബുധനാഴ്ച അസി. ജിയോളജിസ്റ്റ് രാജപ്പന്റെ നേതൃത്വത്തില്‍ ജിയോളജി വകുപ്പ് അധികൃതര്‍ മുഴക്കം അനുഭവപ്പെട്ട നെടുംകുന്നം പ്രദേശത്ത് പരിശോധന നടത്തി. മഴക്കാലത്ത് ഭൂമിക്കടിയിലെ ജലനിരപ്പിലുണ്ടായ മാറ്റമാണ് മുഴക്കത്തിന് കാരണമെന്നാണ് ഇവരുടെ പ്രാഥമിക വിലയിരുത്തല്‍.
ജലനിരപ്പിലെ മാറ്റംമൂലം പാറക്കെട്ടുകള്‍ക്കിടയില്‍ സംഭവിക്കുന്ന സമ്മര്‍ദം മൂലമാണ് മുഴക്കമുണ്ടാകുന്നത്. അധികം ആഴത്തിലല്ലാത്തതിനാലാണ് വലിയ ശബ്ദം കേൾക്കാനാകുന്നത്. പ്രദേശത്ത് പാറക്കെട്ടുകളാണ് അധികവും മണ്ണ് കുറവും. കമ്പനം കൂടുതലായും അനുഭവപ്പെടാന്‍ കാരണവും ഇതാണ്. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ജിയോളജി വകുപ്പ് വ്യക്തമാക്കുന്നു. എന്നാൽ, കൃത്യമായ പഠനംനടത്തി ആശങ്ക ദുരീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എല്ലാവർഷവും മഴക്കാലത്ത് ജലനിരപ്പിൽ മാറ്റമുണ്ടാകില്ലേയെന്നും അപ്പോഴൊന്നും ഈ പ്രതിഭാസം അനുഭവപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും ഇവർ ഉയർത്തുന്നു.
ചൊവ്വാഴ്ച രാത്രി 9.55 ഓടെയാണ് കറുകച്ചാൽ, നെടുംകുന്നം, പുതുപ്പള്ളിപ്പടവ്, മുഴുവൻകുഴി, മാന്തുരുത്തി, നിലംപൊടിഞ്ഞ ഭാഗങ്ങളിൽ മുഴക്കം അനുഭവപ്പെട്ടത്. ഇടിമുഴക്കത്തിന് സമാനമായി സെക്കൻഡുകൾ നീണ്ടുനിന്ന മുഴക്കത്തോടൊപ്പം നിലത്തുനിന്ന് തരിപ്പ് അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു.
ജനാലകളും വീട്ടുസാധനങ്ങളും കുലുങ്ങിയപ്പോഴാണ് പലരും വിവരമറിഞ്ഞത്. ഭൂമികുലുക്കമാണെന്ന് കരുതി ആളുകള്‍ വീടിന് പുറത്തിറങ്ങി. സംഭവത്തെ തുടര്‍ന്ന് മൂന്ന് വീടുകളിൽ നേരിയ വിള്ളലുണ്ടായിട്ടുണ്ട്.
എരുമേലി ചേനപ്പാടിയിൽ കഴിഞ്ഞ മാസം ഒടുവിൽ രണ്ട് തവണകളിലായി പകലും രാത്രിയിലും ഭൂമിക്കുള്ളിൽനിന്ന് മുഴക്കം കേട്ടിരുന്നു. സംഭവത്തിൽ ജിയോളജി വകുപ്പ് പ്രാഥമിക പരിശോധന നടത്തുകയും വിദഗ്ധ സംഘത്തിന്റെ പരിശോധന ആവശ്യപ്പെട്ട് കലക്ടർക്ക് റിപ്പോർട്ടും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിദഗ്ധസംഘം പഠനവും നടത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.
കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് ഭൂമിക്കടിയിൽനിന്ന് മുഴക്കവും ശബ്ദവും അന്ന് കേട്ടത്. മഴക്കിടെ അടിക്കടിയുണ്ടാകുന്ന മുഴക്കവും ഭൂമികുലുക്കത്തിന് സമാനമായുള്ള കമ്പനവും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

