ഉപയോഗിച്ച എണ്ണ ഉപേക്ഷിക്കൽ; ഒമ്പത് മാസത്തിനിടെ കൈമാറിയത് 1,37,877 കിലോ
text_fieldsഭക്ഷണം വറുത്തെടുത്തശേഷം അവശേഷിക്കുന്ന എണ്ണ ബയോഡീസൽ, സോപ്പ് എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്നതാണ് പദ്ധതി
കോട്ടയം: പാചക എണ്ണയുടെ പുനരുപയോഗം തടയാൻ സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ നടപ്പാക്കുന്ന ‘റൂക്കോ പദ്ധതി’ക്ക് ജില്ലയിൽ മികച്ച പ്രതികരണം. പാചക എണ്ണയുടെ പുനരുപയോഗം തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യസുരക്ഷ വകുപ്പ് പൊതുജന പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നത്.
ഭക്ഷണം വറുത്തെടുത്തശേഷം അവശേഷിക്കുന്ന എണ്ണ ബയോഡീസൽ, സോപ്പ് എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്നതാണ് പദ്ധതി.
എഫ്.എസ്.എസ്.എ.ഐ അംഗീകാരമുള്ള ഏജൻസികൾ ഇവ ഭക്ഷ്യോൽപാദന കേന്ദ്രങ്ങളിൽനിന്നും വീടുകളിൽനിന്നും കിലോക്ക് 50 രൂപ മുതൽ 60 രൂപ വരെ നൽകിയാണ് ശേഖരിക്കുന്നത്.
ഇത്തരത്തിൽ 2023-24 സാമ്പത്തിക വർഷം 70,210 കിലോ ഉപയോഗിച്ച പാചകഎണ്ണ വിവിധ എജൻസികൾക്ക് ജില്ലയിലെ വിവിധ സ്ഥാപനങ്ങൾ കൈമാറിയിരുന്നു. 2024 ഏപ്രിൽ മുതൽ ഡിസംബർ വരെ ഇത് 1,37,877 കിലോയായി വർധിച്ചു.
എണ്ണയുടെ പുനരുപയോഗം തടഞ്ഞ് പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും എണ്ണ മാലിന്യമായി മാറുന്നത് തടയാനും ഇതിലൂടെ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. എണ്ണ ആവർത്തിച്ചു ചൂടാക്കുമ്പോൾ അതിലെ ടോട്ടൽ പോളാർ കോമ്പൗണ്ടുകളുടെ അളവ് കൂടുന്നു. കൂടിയ അളവിൽ ടോട്ടൽ പോളാർ കോമ്പൗണ്ടുകൾ ശരീരത്തിലെത്തുന്നത് കരൾ രോഗങ്ങൾ, രക്തസമ്മർദം, അൽഷിമേഴ്സ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകും.
ചിപ്സ് നിർമാണ യൂനിറ്റുകൾ, തട്ടുകടകൾ, ബജിക്കടകൾ, ഹോട്ടലുകൾ, കാറ്ററിങ് യൂനിറ്റുകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവർ പദ്ധതിയുമായി സഹകരിച്ച് പാചകവാതക എണ്ണയുടെ പുനരുപയോഗം തടയാൻ ശ്രദ്ധിക്കണമെന്ന് കലക്ടർ ജോൺ വി. സാമുവൽ പറഞ്ഞു. വിവരങ്ങൾക്ക് ഭക്ഷ്യ സുരക്ഷ വകുപ്പുമായി ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു. ഫോൺ: 0481-2564677.
അംഗീകാരമുള്ള ഏജൻസികൾ, ഫോൺ നമ്പർ
എറിഗോ 7591962501
ട്രൈക്കോ ഗ്രീൻ 9539383778
എ.ബി ഗ്രീൻ ട്രേഡേഴ്സ് 7591987277
കീപീസ് ട്രേഡിങ്സ് 9447433668
ഗ്രോ മോർ ട്രേഡിങ് 9846817444
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

