പ്രതീക്ഷയേകി റബർവില ഉയരുന്നു; വ്യാപാര ഉത്തേജന നടപടികൾക്കായി ആവശ്യം ശക്തം
text_fieldsകോട്ടയം: ഓണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കർഷകർക്ക് പ്രതീക്ഷയേകി റബറിന്റെ വില പതുക്കെ ഉയരുന്നു. റബർ വ്യാപാരത്തെ ഉത്തേജിപ്പിക്കാനുള്ള നടപടിയുണ്ടാകണമെന്ന ആവശ്യവും ശക്തം. കോട്ടയം, കൊച്ചി മാർക്കറ്റിൽ ആർ.എസ്.എസ് 4ന്റെ വില ഉയരുന്നു. 215വരെ വിലയുണ്ടായിരുന്ന റബർ വില 181ലേക്ക് കൂപ്പുകുത്തിയത് റബർ കർഷകരിൽ കടുത്ത ആശങ്ക ഉണ്ടാക്കിയിരുന്നു. അതാണ് ഇപ്പോൾ പ്രതീക്ഷ വർധിപ്പിക്കുന്നത്. 184 രൂപയിലേക്ക് ഉയർന്നതായാണ് വ്യാപാരികൾ പറയുന്നു.
മാർക്കറ്റിൽ റബറിന്റെ ലഭ്യത കുറഞ്ഞതാണ് വില ഉയരാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ശക്തമായ മഴ തുടരുന്നതിനാൽ ടാപ്പിങ് കുറവാണ്. വിലയിടിവ് തുടർന്നതിനാൽ കർഷകർ ചരക്കുവിൽക്കാൻ തയാറാകാത്തതും ലഭ്യത കുറച്ചിട്ടുണ്ട്. എന്നാൽ, വൻകിട കമ്പനികൾ റബർ എടുക്കാത്തതിനാൽ വില ഇടിഞ്ഞതാണെന്നും ഇപ്പോൾ അന്താരാഷ്ട്ര കരാറുകൾ കാരണം അതിൽ മാറ്റം വന്നതാണ് റബർ വില ഉയരാൻ കാരണമെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. തീരുവയുദ്ധത്തിലെ അനിശ്ചിതത്വം മൂലം രാജ്യാന്തര മാർക്കറ്റിൽ വിലകയറിയും ഇറങ്ങിയും നിൽക്കുകയാണ്. പല രാജ്യങ്ങളിലെയും മാർക്കറ്റിൽ റബറിന്റെ വില കുറയുന്നുണ്ട്. എന്നാൽ, കേരളത്തിൽ ഉൾപ്പെടെ പ്രതീക്ഷ നൽകി റബർ വില ചെറുതായെങ്കിലും ഉയരുന്നത് ആശ്വാസകരമാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.
വൻകിട ടയർ നിർമാണ കമ്പനികൾ വില ഇടിക്കാനുള്ള ശ്രമം നടത്തുന്നതായുള്ള ആരോപണവും നിലവിലുണ്ട്. ഇപ്പോഴത്തെ ഉൽപാദനച്ചെലവ് കണക്കാക്കിയാൽ 250 രൂപയെങ്കിലും തറവില പ്രഖ്യാപിച്ച് റബർ വിലയിടിവ് തടയണമെന്ന ആവശ്യവും ശക്തമാണ്. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി ഉൾപ്പെടെ ആവശ്യപ്പെടുന്നു. കോമ്പൗണ്ട് റബറിന്റെ നികുതി ഏറ്റവും കുറഞ്ഞത് 70 ശതമാനം ആയെങ്കിലും വർധിപ്പിക്കണം. കർഷകർക്ക് പ്രത്യേകമായ ആശ്വാസ പാക്കേജ് കേന്ദ്ര സർക്കാർ പ്രഖാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റബർ മേഖലയുടെ വളർച്ചക്കായി നിരവധി ആവശ്യങ്ങളാണ് കർഷകരും ജനപ്രതിനിധികളും മുന്നോട്ട് വെക്കുന്നത്. റബർ ബോർഡ് മുൻകൈയെടുത്ത് വിലസ്ഥിരത പദ്ധതി സംസ്ഥാന സർക്കാറുമായി ചേർന്ന് നടപ്പാക്കാനുള്ള നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണം. കർഷകർക്ക് വരുമാനം വർധിപ്പിക്കാൻ റബർ അധിഷ്ഠിതമായ ഉൽപന്നങ്ങൾ മൂല്യവർധിത ഉൽപന്നങ്ങളായി നിർമിക്കാൻ കേന്ദ്രസർക്കാർ സഹായം അനുവദിക്കണം. വിള ഇൻഷുറൻസ് പദ്ധതിയിൽ റബറിനെ ഉൾപ്പെടുത്താൻ നടപടി ആരംഭിക്കണം, ക്രബ് റബർ ഇറക്കുമതി കേന്ദ്ര സർക്കാർ തടയണമെന്നും അവർ ആവശ്യപ്പെടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

