ആനക്കൽ കൃഷിഭവനിൽ മോഷണശ്രമം
text_fieldsഫയലുകൾ വലിച്ചുവാരിയിട്ട നിലയിൽ
കാഞ്ഞിരപ്പള്ളി: കെ.ഇ റോഡിൽ ആനക്കല്ലിലുള്ള കൃഷിഭവൻ, അസി.ഡയറക്ടർ ഓഫ് അഗ്രികൾചർ, ആത്മ ട്രെയിനിങ് സെന്റർ എന്നീ ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ മോഷണശ്രമം. മൂന്ന് ഓഫിസുകളുടെയും വാതിലുകളുടെ താഴുകൾ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. കൃഷിഭവൻ, അസി.ഡയറക്ടർ ഓഫ് അഗ്രികൾചർ എന്നീ ഓഫിസുകളിൽ മോഷണശ്രമത്തിനിടെ ഫയലുകൾ വാരിവലിച്ചിട്ട നിലയിലാണ്.
ആത്മ ട്രെയിനിങ് സെന്ററിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പുകൾ, കാമറ, പ്രൊജക്ടറുകൾ എന്നിവയും നിലത്തേക്ക് വലിച്ചിട്ട നിലയിൽ കണ്ടെത്തി. മൂന്ന് ഓഫിസുകളിൽ ഒന്നിലും വിലപിടിപ്പുള്ളവ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ എന്നിവ അടക്കം ഉണ്ടായിരുന്നെങ്കിലും ഇവയും മോഷ്ടിക്കപ്പെട്ടിട്ടില്ല. ഫയലുകൾ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് വിശദമായ അന്വേഷണത്തിലെ വ്യക്തമാകൂ. മുറ്റത്തുനിന്ന് മോഷ്ടാവ് ഉപേക്ഷിച്ചെന്ന് കരുതുന്ന കൈയുറകൾ കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് അടച്ച ഓഫിസുകൾ മൂന്ന് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച രാവിലെ ഒമ്പതോടെ തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ഷിന്റോ പി. കുര്യന്റെ നേതൃത്വത്തിലെത്തിയ സംഘം സ്ഥലത്ത് പരിശോധന നടത്തി. ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

