ദുരിതപർവം കഴിഞ്ഞു; ഇനി സുഖയാത്ര
text_fieldsടാറിങ് പൂർത്തിയായ കോണത്താറ്റ് പാലവും അപ്രോച്ച്റോഡും
കുമരകം: കോണത്താറ്റ് പാലത്തിന്റെയും അപ്രോച്ച്റോഡിന്റെയും ടാറിങ് ജോലി പൂർത്തിയായതോടെ മൂന്നു വർഷമായ ദുരിതത്തിന് താൽക്കാലിക ശമനമായി. കുമരകം റോഡിലെ കോണത്താറ്റ് പാലത്തിന്റെയും സമീപപാതയുടെയും ടാറിങ് കഴിഞ്ഞതോടെ ഇനി പാലം പണിയുടെ പേരിൽ ഗതാഗത തടസ്സമുണ്ടാകാൻ സാധ്യത കുറവാണെന്ന് അധികൃതർ വ്യക്തമാക്കി. മൂന്നു വർഷം മുമ്പാണ് പാലത്തിലൂടെ ഗതാഗതം നിലച്ചത്.
കഴിഞ്ഞ നവംബറിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കുമരകം സന്ദർശനത്തിന് മുമ്പായി പാലം ഗതാഗതത്തിനു തുറന്നുകൊടുത്തിരുന്നു. എന്നാൽ ടാറിങ്ങിനായി കഴിഞ്ഞ രണ്ടു ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത് ജനങ്ങളെ വീണ്ടും ബുദ്ധിമുട്ടിലാക്കിയിരുന്നു.
അപ്രോച്ച് റോഡിന്റെ കിഴക്കുഭാഗം മുതലാണ് ടാറിങ് ജോലി ആരംഭിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരത്തോടെ പണി പൂർത്തിയായി. മണിക്കൂറുകൾക്കകം ഗതാഗതം പൂർണമായി പുനരാരംഭിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം മാറിയ ശേഷം ഔദ്യോഗിക ഉദ്ഘാടനം നടക്കുമെന്നാണ് വിവരം. ടാറിങ് കഴിഞ്ഞതോടെ പ്രധാന ജോലികളെല്ലാം പൂർത്തിയായി. ഇരുകരകളിലെയും സമീപപാതയിലെ നടപ്പാതയുടെയും പാലത്തിനു സമീപത്ത് മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ജോലിയുമാണ് ഇനി ശേഷിക്കുന്നത്.
ആറ്റാമംഗലം പള്ളിഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ പാലത്തിന്റെ തെക്കുവശത്തെ റോഡിന് വശത്തുകൂടി ഓട നിർമിച്ച് വെള്ളം തോട്ടിലേക്ക് വിടും. ഗുരുമന്ദിരം ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഇവിടെയും ഓട നിർമിക്കേണ്ടി വരും. ഈ ജോലികൾ ഗതാഗതത്തിനു തടസ്സമുണ്ടാക്കാതെ ചെയ്യാനാവുമെന്ന് അധികൃതർ വ്യക്തമാക്കി.
നിർമാണോദ്ഘാടനം 2022 മേയ് 10ന് നടന്നെങ്കിലും പണി തുടങ്ങിയത് നവംബർ ഒന്നിനായിരുന്നു. ഉണ്ടായിരുന്ന പാലം പൊളിച്ചുകഴിഞ്ഞു മൂന്നു വർഷം ഏർപ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം മൂലം നാട്ടുകാർക്ക് ദുരിത യാത്രയായിരുന്നു. അതിനാണ് ഇപ്പോൾ പരിഹാരമായത്.
എന്നാൽ പാലത്തിന്റെ പടിഞ്ഞാറേക്കരയിൽ വടക്കു വശത്തെ താമസക്കാർക്കും കടക്കാർക്കും വേണ്ടിയുള്ള റോഡ് നിർമാണത്തിന് സ്ഥലം ഏറ്റെടുത്തിട്ടില്ല. പാലം പണിതതോടെ വടക്കുവശത്തുള്ളവർക്ക് അവിടേക്ക് പോകാൻ വഴിയില്ലാതായി. ഇവർക്കായി അപ്രോച്ച്റോഡിന്റെ ഭാഗത്തുനിന്ന് താഴേക്ക് ഇരുമ്പ് കൊണ്ട് പടി നിർമിച്ചു നൽകി.
സ്ഥലം ഏറ്റെടുത്തു നൽകിയാൽ റോഡ് നിർമാണവും പൂർത്തിയാക്കുമെന്ന് കരാറുകാരൻ വ്യക്തമാക്കുന്നു. പാലം പൊളിച്ചപ്പോൾ ചെറുവാഹനങ്ങൾക്കു പോകാനായി തെക്ക് വശത്ത് തോടിനു കുറുകെ താൽക്കാലിക റോഡ് പണിതിരുന്നു. പാലം പൂർണമായും തുറന്നു കൊടുത്തതിനാൽ ഇനി താൽക്കാലിക റോഡിന്റെ ആവശ്യമില്ല. സമീപനപാതയിലെ നടപ്പാതയുടെയും ഓടയുടെ നിർമാണവും പൂർത്തിയാകുന്ന മുറക്ക് താൽക്കാലിക റോഡും പൊളിക്കാനുള്ള നീക്കത്തിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

