ഒറ്റ മഴയിൽ കുളമായി ചാമംപതാൽ എസ്.ബി.ടി കവല
text_fieldsചാമംപതാൽ എസ്.ബി.ടി കവലയിൽ കാനം റോഡിലെ കുളമായി മാറുന്ന കുഴി
ചാമംപതാൽ: മഴ പെയ്താൽ കുളമായി മാറുകയാണ് ചാമംപതാൽ എസ്.ബി.ടി കവല. കൊടുങ്ങൂർ-മണിമല റോഡിൽനിന്ന് കാനം റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റോഡിൽ രൂപപ്പെട്ടിരിക്കുന്ന വലിയ കുഴികളാണ് കുളമായി മാറുന്നത്. ഈ ഭാഗത്ത് റോഡിലെ മെറ്റൽ ഇളകി വലിയ കുഴികൾ ഉണ്ടായിട്ട് മാസങ്ങളായി. ഒറ്റ മഴ പെയ്താൽ കുഴികൾ നിറഞ്ഞ് വെള്ളക്കെട്ടായി ഇവിടം മാറും. പിന്നീട് ഇതുവഴി കാൽനടയും ചെറുവാഹനങ്ങളിലുള്ള യാത്രയും ഏറെ ദുഷ്കരമാണ്.
ഈ ഭാഗത്ത് വളവ് കൂടിയായതിനാൽ മഴ സമയത്ത് സ്ഥലപരിചയമില്ലാത്ത ഇരുചക്രവാഹന യാത്രക്കാർ വെള്ളം നിറഞ്ഞ കുഴികളിൽ ചാടി അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ചെറുവാഹനങ്ങൾ വെള്ളം നിറഞ്ഞ കുഴികളിൽ ചാടി കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
അപകട സാധ്യത ഒഴിവാക്കാൻ പ്രദേശവാസികൾ കല്ലും മണ്ണും ഉപയോഗിച്ച് കുഴികൾ താൽക്കാലികമായി അടച്ചെങ്കിലും മഴപെയ്തതോടെ വീണ്ടും കുഴികളായി. ശക്തമായ മഴ പെയ്യുമ്പോൾ പ്രദേശമാകെ വെള്ളക്കെട്ട് ആകുന്ന അവസ്ഥയാണ്. ഇത് പ്രദേശവാസികൾക്കും വ്യാപാരികൾക്കും കാൽനട-വാഹനയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. റോഡ് എത്രയും വേഗം റീടാർ ചെയ്ത് വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാനും സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാനും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

