ഈ റോഡ് എന്ന് നന്നാക്കും...?
text_fieldsപാമ്പാടി വട്ടമലപ്പടി-മഞ്ഞാടി റോഡ് തകർന്ന നിലയിൽ
പാമ്പാടി: വട്ടമലപ്പടി-മഞ്ഞാടി റോഡ് തകർന്ന് അപകടങ്ങൾ തുടർക്കഥ. സഞ്ചാരയോഗ്യമല്ലാതായ റോഡിലൂടെ കടന്നുപോകുന്ന യാത്രക്കാർക്ക് വീണ് പരിക്കേൽക്കുന്നത് പതിവാണ്.
പാമ്പാടി പഞ്ചായത്ത് 17ാം വാർഡിലെ പി.ഡബ്ല്യു.ഡിയുടെ കീഴിലുള്ള 800 മീറ്ററോളം റോഡാണ് തകർന്നുകിടക്കുന്നത്. അപകടത്തിൽപെട്ട് ഗുരുതര പരിക്കേൽക്കുന്നവരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിക്കുന്നത്. കഴിഞ്ഞദിവസം ഇവിടെ വീണ് പരിക്കേറ്റ യുവാവിന് എട്ടോളം സ്റ്റിച്ച് ഇടേണ്ടിവന്നു.
ഇവിടത്തെ 25ഓളം കുടുംബങ്ങൾ വർഷങ്ങളായി കടുത്ത യാത്രാദുരിതത്തിലാണ്. റോഡ് നന്നാക്കാൻ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടാൽ ഫണ്ടില്ലെന്നാണ് ലഭിക്കുന്ന മറുപടി.
നാലുവർഷമായി റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട്. റോഡിലെ കുഴിയിൽ വീണ് ഇരുചക്ര വാഹനയാത്രികർ പരിക്കേൽക്കുന്നത് നിത്യസംഭവമാണെന്ന് പ്രദേശവാസികൾ പറയുന്നു. ടൗൺ ഉപയോഗിക്കാതെ പാമ്പാടിയിൽനിന്ന് മഞ്ഞാടി, മീനടം, പുതുപ്പള്ളി എന്നീ സ്ഥലങ്ങളിലേക്ക് എത്താൻ സാധിക്കുന്ന സർവിസ് റോഡാണ് ദുരവസ്ഥയിൽ തുടരുന്നത്. ദിവസവും സ്വകാര്യ ബസുകളും സ്കൂൾ ബസുകളും അടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്.
റോഡരികിലെ വഴിവിളക്കുകൾ പ്രവർത്തനരഹിതമായത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കുകയാണ്. ഇരുട്ടാകുന്നതോടെ റോഡിലൂടെ കടന്നുപോകാൻ ആളുകൾ മടിക്കുകയാണ്. സി.എസ്.ഐ പള്ളിയിലേക്കുള്ള പഞ്ചായത്ത് റോഡിനും സമാന അവസ്ഥയാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര ദുഷ്കരമാണ്. വീടുകളിൽനിന്നും വാഹനം റോഡിലേക്ക് ഇറക്കാൻ കഴിയാതെ വന്നതോടെ പ്രദേശവാസികൾ മണ്ണിട്ട് കുഴികൾ മൂടിയെങ്കിലും ശക്തമായ മഴയിൽ മണ്ണ് ഒലിച്ചുപോവുകയും ചെയ്തു.
റോഡിന്റെ ശോച്യാവസ്ഥയിൽ പൊറുതിമുട്ടിയ പ്രദേശവാസികൾ നാലുമാസം മുമ്പ് പാമ്പാടി സി.എസ്.ഐ പള്ളിവികാരി മുഖേന അധികൃതർക്ക് നൂറ് പേരോളം ഒപ്പിട്ട നിവേദനം സമർപ്പിച്ചിരുന്നു. എന്നാൽ, ഇതിനും മറുപടിയോ തുടർനടപടികളോ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. തകർന്ന റോഡ് നന്നാക്കാൻ പഞ്ചായത്തും പി.ഡബ്ല്യു.ഡിയും നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

