നീരൊഴുക്ക് നിലച്ച് കൊടുതുരുത്ത്-നാണുപ്പറമ്പ് തോട് ആഴം കൂട്ടി വീണ്ടെടുക്കാൻ പദ്ധതി
text_fieldsവെച്ചൂർ: പുല്ലും പായലും വളർന്നുതിങ്ങി മാലിന്യങ്ങൾ അടിഞ്ഞ് നീരൊഴുക്ക് നിലച്ച കൊടുതുരുത്ത് - നാണുപ്പറമ്പ് തോട് ആഴംകൂട്ടി നീരൊഴുക്ക് സാധ്യമാക്കുന്ന പ്രവർത്തനങ്ങളുടെ മൂന്നാം ഘട്ടത്തിന് തുടക്കമായി. നാലു പതിറ്റാണ്ടായി പുല്ലും പോളയും തിങ്ങി നീരൊഴുക്ക് നിലച്ച തോടാണ് മാലിന്യം നീക്കി ആഴംകൂട്ടി വീണ്ടെടുക്കുന്നത്.
വെച്ചൂർ പഞ്ചായത്തിലെ പൂവത്തിക്കരി, പുത്തൻകരി, പട്ടടക്കരി, ഞാറയ്ക്കതടം, പൊന്നങ്കേരി, പോട്ടക്കരി, പൊന്നച്ചാംചാൽ തുടങ്ങിയ പാടശേഖരങ്ങളുമായി ബന്ധപ്പെട്ട് ഒഴുകിയിരുന്ന തോട് മാലിന്യവാഹിനിയായതോടെ ശുദ്ധജലമെത്താതായി. വിളവ് ഗണ്യമായി കുറഞ്ഞു. കടുത്ത മലിനീകരണം മൂലം കുടുംബങ്ങളിൽ കാൻസർ രോഗബാധിതരുടെ ഉൾപ്പടെ എണ്ണം കൂടിയിരുന്നു. തോട് ഒഴുകിയെത്തുന്നത് കെ.വി.കനാലിലും തുടർന്ന് വേമ്പനാട്ട് കായലിലുമാണ്. നാലു കിലോമീറ്റർ വരുന്ന തോട് കനത്തതോതിൽ പുല്ലും പോളയും നിറഞ്ഞ് പല സ്ഥലങ്ങളിലും തോട്ടിലെ പുൽക്കെട്ടിന് മീതെ നടന്നുപോകാവുന്ന തരത്തിലായിരുന്നു.
വെച്ചൂരിലെ 32 പാടശേഖരങ്ങളിലായി 3500 ഏക്കറിലാണ് നെൽകൃഷി നടക്കുന്നത്. ഇതിൽ നല്ലൊരു പങ്ക് പാടശേഖരങ്ങളിൽനിന്നു പുറന്തള്ളുന്ന രാസ മാലിന്യങ്ങൾ ഒഴുക്കുനിലച്ച തോട്ടിൽ കെട്ടിനിൽക്കുകയാണ്. പുറമെ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യവും തള്ളുന്നു. മാലിന്യം നിറഞ്ഞ തോട്ടിലെ മലിനജലം ഉൾപ്രദേശത്തെ ജനവാസ കേന്ദ്രങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന ചെറുതോടുകളിലാണ് കലരുന്നത്. വെച്ചൂരിലെ കരിനിലങ്ങളുടെ ഓരത്ത് താമസിക്കുന്നവർ സമീപത്തുകൂടി ഒഴുകുന്ന തോടുകളിലെ വെള്ളമാണ് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്.
തോട് ആഴം കൂട്ടി ശുചീകരിക്കുന്നതിന് 26 ലക്ഷം രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ശുചീകരണ പ്രവർത്തനങ്ങളുടെ മൂന്നാംഘട്ട ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സോജി ജോർജ്, ബിന്ദുരാജു, എൻ. സഞ്ജയൻ, പാടശേഖരസമിതി ഭാരവാഹികളായ ബിജു കൂട്ടുങ്കൽ, ബി. റെജി, ഷാജി സദനം, കുട്ടൻ മണിമന്ദിരം തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

