മെഡിക്കൽ കോളജിൽ റുമറ്റോളജി വിഭാഗം അടച്ചുപൂട്ടി
text_fieldsഅടച്ചുപൂട്ടിയ റുമറ്റോളജി വിഭാഗം ഒ.പി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ റുമറ്റോളജി (വാതരോഗം) വിഭാഗം ഒ.പി അടച്ചുപൂട്ടി. ഈ വിഭാഗത്തിലുണ്ടായിരുന്ന ഏക ഡോക്ടർ ജോലിഭാരം കൂടിയതിനാൽ ദീർഘകാല അവധിയെടുത്തതോടെയാണ് ഒ.പി അടച്ചുപൂട്ടേണ്ടിവന്നത്. സന്ധിവാതം, ആമവാതം അടക്കമുള്ള രോഗം ബാധിച്ചവരാണ് റുമറ്റോളജി വിഭാഗത്തിൽ ചികിത്സ തേടിയിരുന്നത്. റുമറ്റോളജിയിൽ സ്‌പെഷലൈസ് ചെയ്ത ഒരു ഡോക്‌ടർ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.
ഓരോ ദിവസവും വിവിധ ജില്ലകളിൽനിന്ന് 500ലേറെ രോഗികൾ ഇവിടെ ചികിത്സ തേടി വരാറുണ്ട്. രാവിലെ എട്ടിന് തുടങ്ങിയാൽ രാത്രി 7.30 കഴിഞ്ഞാലും രോഗികളുടെ തിരക്ക് കഴിയാറില്ല. ഈ തിരക്ക് കണക്കിലെടുത്ത് സഹായത്തിനായി മെഡിസിൻ വിഭാഗത്തിൽനിന്ന് ഒരു അസിസ്റ്റ് ഡോക്ടറെ വിട്ടുനൽകണമെന്ന് ആശുപത്രി അധികൃതരോട് ഈ ഡോക്ടർ ആവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്നാണ് അറിയുന്നത്. ഇതേ തുടർന്ന് ഒരു ദിവസം ആദ്യം എത്തുന്ന 100 രോഗികളെ മാത്രമേ നോക്കൂവെന്ന് ഡോക്ടർ തീരുമാനിച്ചുവെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും ഒരു ഇടപെടലുമുണ്ടായില്ല.
ഇതോടെ തിങ്കളാഴ്ചത്തെ ഒ.പി ടിക്കറ്റിലെ 100 പേരിൽ ഉൾപ്പെടുന്നതിനായി ഞായറാഴ്ച ഉച്ചകഴിയുമ്പോൾതന്നെ രോഗികളുടെ ബന്ധുക്കൾ ക്യൂ നിൽക്കാൻ തുടങ്ങി. കുറച്ച് നേരം ക്യൂവിൽ നിന്ന ശേഷം ബാഗുകളോ മറ്റെന്തെങ്കിലും അടയാളമായിവെച്ച ശേഷം ഒ.പി പരിസരത്ത് നേരം പുലരും വരെ വിശ്രമിക്കും. രാവിലെ എട്ടിന് ഒ.പി ടിക്കറ്റ് കൊടുക്കാൻ തുടങ്ങുകയുള്ളൂവെങ്കിലും രാവിലെ ആറിന് തന്നെ ഇക്കൂട്ടർ ക്യൂവിൽ നിൽക്കും. ഇതിനിടയിൽ മറ്റ് നിരവധി വിഭാഗങ്ങളിലെ ഡോക്ടറെ കാണുന്നതിനുള്ള ഒ.പി ചീട്ട് എടുക്കാൻ വരുന്നവരും ഈ ക്യൂവിൽ സ്ഥാനം പിടിക്കും. ഇത് രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി വ്യാപകമായ ആക്ഷേപം ഉയർന്നെങ്കിലും ആശുപത്രി അധികൃതർ ഒരു തുടർനടപടിയും സ്വീകരിച്ചില്ല.
ഒരു ദിവസം 11 മണിക്കൂറിലേറെ ഒരു ഡോക്‌ടർ ഒറ്റക്ക് ഡ്യൂട്ടി ചെയ്തിട്ടും ഒരു പരിഹാരം കാണാൻ അധികൃതർ തയാറാകാഞ്ഞതുകൊണ്ടാണ് അദ്ദേഹം നീണ്ട അവധിയെടുത്തതെന്ന് പറയുന്നു. ഈ വിഭാഗം നിർത്തലാക്കിയതോടെ രോഗികൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. നിലവിൽ റുമറ്റോളജിയിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളെ തിങ്കൾ, ബുധൻ ദിവസങ്ങളിൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരാണ് ഇപ്പോൾ പരിശോധിക്കുന്നത്. റുമറ്റോളജിയിൽ സ്പെഷ്യലൈസ് ചെയ്ത ഡോക്ടർമാർ ഇല്ലാത്തതുകൊണ്ടാണ് തൽക്കാലം ഈ വിഭാഗം ഒ.പി നിർത്തിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

