റേഷൻ കിട്ടാതെ മടക്കം തുടർക്കഥ കാലി സഞ്ചിക്കലം
text_fieldsകോട്ടയം: ഇടവേളക്കുശേഷം സെർവർ തകരാറിൽ റേഷൻ വിതരണം താളംതെറ്റിയതോടെ റേഷൻ വാങ്ങാൻ കഴിയാതെ നൂറുകണക്കിന് കുടുംബങ്ങൾ. ഏതാനും മാസങ്ങളായി സെർവർ തകരാറാകുന്നതും റേഷൻ വിതരണം അവതാളത്തിലാകുന്നതും പതിവായിരുന്നു. ഇതിനെതുടർന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾ തുറന്നുള്ള പരീക്ഷണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞമാസം കാര്യമായ പ്രശ്നങ്ങളുണ്ടായില്ല. മാസാവസാനമടക്കം വിതരണം സുഗമമായി നടന്നു. എന്നാൽ, ഇത്തവണ വീണ്ടും കാര്യങ്ങൾ കൈവിട്ടു.
തിങ്കളാഴ്ച മുതലാണ് പ്രശ്നങ്ങൾ രൂക്ഷമായതെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. തിങ്കളാഴ്ച രാവിലെ എട്ടു മുതൽ തടസ്സങ്ങളില്ലാതെ പ്രവർത്തിച്ച സെർവർ പത്തോടെ പണിമുടക്കുകയായിരുന്നു. പിന്നീട് ചൊവ്വാഴ്ച രാവിലെ അൽപേനരം പ്രവർത്തിച്ചതിനൊടുവിൽ വീണ്ടും യന്ത്രം പണിമുടക്കി. ഇതോെട വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി. ചൊവ്വാഴ്ച ഉച്ചക്കുശേഷം കടകൾ അടച്ചിട്ട റേഷൻ വ്യാപാരികൾ വിവിധ താലൂക്ക് ഓഫിസുകളിലേക്ക് പ്രതിഷേധ മാർച്ചും നടത്തി. ഇതിനൊടുവിൽ സംസ്ഥാനത്തെ ഡേറ്റാ സെൻററിലെ പ്രശ്നങ്ങളാണ് കുഴപ്പിച്ചതെന്നും ബുധനാഴ്ച രാവിലെയോടെ പ്രശ്നം പരിഹരിക്കുമെന്നും ഭക്ഷ്യവകുപ്പ് വ്യക്തമാക്കി. ഇതനുസരിച്ച് ബുധനാഴ്ച വ്യാപാരികൾ കട തുറന്നെങ്കിലും ഏതാനും മണിക്കൂറിനുശേഷം വിതരണം വീണ്ടും തടസ്സപ്പെട്ടു. വിതരണം താളംതെറ്റിയതോടെ റേഷൻ കടകളിലെത്തി നിരാശരായി മടങ്ങിയവർ നിരവധിയാണ്. കൂലിപ്പണിക്കാരും മറ്റും പണിപോലും ഉപേക്ഷിച്ചാണ് കടകൾക്കു മുന്നിൽ കാത്തുനിന്നത്.
ഓട്ടോയും വിളിച്ച് കടകളിൽ എത്തിയശേഷം റേഷൻ ഇല്ലെന്ന് പറയുന്നതോടെ നിരാശരായി മടങ്ങിയവരും ഏറെ. അരിനൽകാൻ താൽപര്യമില്ലാത്തതിനാൽ കടയുടമകൾ കള്ളം പറയുന്നതാണെന്നാരോപിച്ച് ചിലർ തട്ടിക്കയറി.
പതിവിൽനിന്ന് വ്യത്യസ്തമായി കുത്തരി, പുഴുക്കലരി, പച്ചരി എന്നിങ്ങനെ എല്ലാ ഇനം അരികളിലും കടകളിൽ ഉണ്ടായ അവസരത്തിലാണ് സെർവർ പണിമുടക്ക്.
ഇതിനുപിന്നാലെ, വെള്ളിയാഴ്ചവരെ റേഷൻ കടകൾ അടച്ചിടാൻ തീരുമാനിച്ചതായി ഭക്ഷ്യമന്ത്രി ജി.ആര്. അനില് അറിയിക്കുകയായിരുന്നു. ഹൈദരാബാദിലെ നാഷനൽ ഇൻഫോർമാറ്റിക്സ് സെന്ററിലെ പ്രശ്നങ്ങളാണ് ഇതിന് കാരണമെന്നും ഇത് പൂർണമായി പരിഹരിക്കാൻ മൂന്നുദിവസം വേണമെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. മേയ് അഞ്ചു വരെ ഈ മാസത്തെ റേഷൻ വാങ്ങാൻ അവസരമുണ്ടെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ, വെള്ളിയാഴ്ചയോടെ പ്രശ്നത്തിന് പൂർണപരിഹാരമാകുമോയെന്ന കാര്യത്തിൽ അധികൃതർക്ക് വ്യക്തതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

