പെൻഷൻ ഫണ്ട് ക്രമക്കേടിൽ ഓഡിറ്റ് റിപ്പോർട്ടിന്റെ മറുപടി; കടലാസിലുണ്ട്, ചോദിക്കരുത്
text_fieldsകോട്ടയം: മുനിസിപ്പാലിറ്റി പെൻഷൻ ഫണ്ടിലെ രണ്ടരക്കോടിയുടെ ക്രമക്കേടിനെക്കുറിച്ച് മിണ്ടാതെ ഓഡിറ്റ് റിപ്പോർട്ട് മറുപടി. മറ്റ് വിഷയങ്ങളിൽ മറുപടികൾ കടലാസിലുണ്ടെങ്കിലും കൗൺസിലർമാരുടെ ചോദ്യങ്ങൾക്ക് അധികൃതർക്ക് മറുപടിയില്ല. ഓഡിറ്റ് റിപ്പോർട്ടിൽ ഗൗരവമെന്ന് കണ്ടെത്തിയ ക്രമക്കേടുകൾപോലും അധികൃതർക്ക് ക്ലറിക്കൽ പിശകാണ്. ഈ പിശക് വരുത്തിയതാരെന്നോ ആ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തെന്നോ പറയുന്നില്ല.
എൽ.ഡി.എഫും ബി.ജെ.പിയും ഒന്നിച്ച് എതിർത്തതോടെ ഓഡിറ്റ് റിപ്പോർട്ടും മറുപടിയും അംഗീകരിക്കാതെ കൗൺസിൽ പിരിഞ്ഞു. 2023-’24 വർഷത്തെ സംസ്ഥാന ഓഡിറ്റ് റിപ്പോർട്ടും, റിപ്പോർട്ടിലെ പരാമർശങ്ങൾക്ക് നഗരസഭ തയാറാക്കിയ മറുപടിയും ചർച്ച ചെയ്യാനാണ് ചൊവ്വാഴ്ച അടിയന്തര കൗൺസിൽ ചേർന്നത്. മുനിസിപ്പാലിറ്റിയിലെ മുൻ ക്ലർക്ക് അഖിൽ സി. വർഗീസ് 2020 ഫെബ്രുവരി മുതൽ 2024 ആഗസ്റ്റ് വരെ കാലയളവിലാണ് പെൻഷൻ ഫണ്ടിൽനിന്ന് രണ്ടരക്കോടി തട്ടിയത്. ഇതുസംബന്ധിച്ച് ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശത്തിന്, ഓഡിറ്റ് വിഭാഗത്തിന്റെ പത്തിന നിർദേശങ്ങൾ നടപ്പാക്കാൻ നടപടി സ്വീകരിച്ചുവെന്നാണ് മറുപടി തയാറാക്കിയിട്ടുള്ളത്. പണം നഷ്ടപ്പെട്ടതിനെക്കുറിച്ചോ കേസിൽ എന്ത് നടപടിയെടുത്തുവെന്നോ വിശദീകരണമില്ല. പണം ഏത് അക്കൗണ്ടിൽപ്പെടുത്തി എന്നതിനും കൃത്യമായ മറുപടി നൽകാൻ ചെയർപേഴ്സനും സെക്രട്ടറിക്കും കഴിഞ്ഞില്ല.
ഓഡിറ്റ് പരാമർശങ്ങൾക്ക് നിസ്സാരവത്കരിച്ചുള്ള മറുപടിയാണ് നൽകിയിരിക്കുന്നതെന്നും ഉയർന്ന ഉദ്യോഗസ്ഥരുടെ ഒത്താശ ഇതിലുണ്ടോയെന്ന് സംശയിക്കുന്നതായും കൗൺസിലർമാർ പറഞ്ഞു. ഓഡിറ്റ് റിപ്പോർട്ട് കൗൺസിലർമാർക്ക് ലഭ്യമാക്കണമെന്നും കൃത്യമായ മറുപടി സഹിതം ഉദ്യോഗസ്ഥർ ഹാജരാകണമെന്നും പ്രതിപക്ഷ, ഭരണപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

