കോട്ടയത്ത് യു.ഡി.എഫിന് ആശ്വാസം; ഒപ്പത്തിനൊപ്പം
text_fieldsകോട്ടയം നഗരസഭ പുത്തൻതോട് വാർഡിൽ സൂസൻ കെ. സേവ്യർ വിജയിച്ചതിനെത്തുടർന്ന് ആഹ്ലാദിക്കുന്ന യു.ഡി.എഫ്
പ്രവർത്തകർക്കിടയിലായ പ്രതിപക്ഷനേതാവ് ഷീജ അനിൽ
കോട്ടയം: നിർണായകമായിരുന്ന ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്താനായതിന്റെ ആശ്വാസത്തിൽ യു.ഡി.എഫ്. വാശിപ്പോരിൽ കോട്ടയം നഗരസഭയിലെ പുത്തൻതോട് വാർഡ് സ്വന്തമാക്കാനായതിനൊപ്പം ഭൂരിപക്ഷം ഉയർത്താനായതും നേട്ടമായി.
നഗരസഭാ ഭരണം യു.ഡി.എഫിനാണെങ്കിലും കൗൺസിലിൽ ഒരംഗത്തിന്റെ ഭൂരിപക്ഷം എൽ.ഡി.എഫിനായതിനാൽ ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണിക്കും നിർണായകമായിരുന്നു. അരയും തലയും മുറുക്കി ഇരുമുന്നണിയും രംഗത്തിറങ്ങിയതോടെ ഇതുവരെ കാണാത്ത പ്രചാരണ കോലാഹലങ്ങൾക്കായിരുന്നു വാർഡ് സാക്ഷിയായത്. സീറ്റ് നിലനിർത്താനായതോടെ യു.ഡി.എഫ് ഭരണത്തിന് തൽക്കാലം ഭീഷണിയൊഴിഞ്ഞു. ഇതോടെ 52 അംഗ കൗൺസിലിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും 22 വീതം അംഗങ്ങളായി. ബി.ജെ.പിക്ക് എട്ട് അംഗമാണുള്ളത്.
കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജിഷ ബെന്നിയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ജിഷ ബെന്നിയുടെ മരണത്തോടെ യു.ഡി.എഫിന്റെ അംഗബലം 21 ആയി കുറഞ്ഞു. ഇതിനുപിന്നാലെ എൽ.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നെങ്കിലും പരാജയപ്പെട്ടിരുന്നു. യു.ഡി.എഫും ബി.ജെ.പി അംഗങ്ങളും അവിശ്വാസപ്രമേയ ചർച്ചയിൽനിന്ന് വിട്ടുനിന്നതോടെ േക്വാറം തികയാത്തതിനാൽ എൽ.ഡി.എഫ് നീക്കം പാളുകയായിരുന്നു.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഭരണം ലക്ഷ്യമിട്ട് വൻ പ്രചാരണമാണ് എൽ.ഡി.എഫ് നടത്തിയത്. ഭരണവിരുദ്ധവികാരം തുണക്കുമെന്ന് കണക്കുകൂട്ടിയ ഇവർ അഴിമതിയടക്കമുള്ള വിഷയങ്ങളും ഉയർത്തി. നഗരസഭയിൽ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്ന് ആരോപിച്ച് എൽ.ഡി.എഫ് നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. കോൺഗ്രസിലെ ഗ്രൂപ്പിസവും ഗുണം ചെയ്യുമെന്നായിരുന്നു എൽ.ഡി.എഫ് വിലയിരുത്തൽ. എന്നാൽ, യു.ഡി.എഫ് ഒറ്റക്കെട്ടായി നിലയുറപ്പിച്ചതോടെ ഇവരുടെ കണക്കുകൂട്ടൽ പാളി.
കോൺഗ്രസിന് മുൻതൂക്കമുള്ള വാർഡ് എന്ന ആത്മവിശ്വാസത്തിലായിരുന്നു തുടക്കം മുതൽ യു.ഡി.എഫ്. നഗരസഭയിൽ നിലനിന്നിരുന്ന ഭിന്നതകൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ഇടപെടലിൽ മാറ്റിവെച്ച് നേതാക്കൾ കൂട്ടമായി പ്രചാരണരംഗത്ത് നിലയുറപ്പിച്ചതും വിജയത്തിൽ നിർണായകമായി. ബി.ജെ.പി ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്. മരണെപ്പട്ട ജിഷ ബെന്നിയുടെ ബന്ധുവിനെ കളത്തിലിറക്കിയ ബി.ജെ.പി 312 വോട്ട് പിടിച്ചു.
വിജയത്തെതുടർന്ന് കോട്ടയം നഗരത്തിൽ യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

