ഒടുവിലെത്തി ആശ്വാസ മഴ
text_fieldsകോട്ടയം: ഇടക്ക് ഇടിയൊച്ച കേൾക്കുമ്പോൾ ഇപ്പോൾ നാട്ടുകാരുടെ മനസ്സിൽ ഭയമല്ല, പ്രതീക്ഷയാണ് ചുവടുവെക്കുന്നത്. കത്തിയുരുകുന്ന ചൂടിന് ആശ്വാസവുമായി എത്തുന്ന വേനൽമഴയെ പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ്. ഒടുവിൽ ബുധനാഴ്ച വൈകീട്ട് ശക്തമായ കാറ്റിന്‍റെയും ഇടക്കിടെയുള്ള മിന്നലിന്‍റെയും അകമ്പടിയോടെ വേനൽമഴയെത്തി.
വൈദ്യുതി പ്രതിസന്ധികൂടി രൂക്ഷമായതോടെ മാനം നോക്കിയിരുന്നവർക്ക് ആശ്വാസവുമായാണ് വേനൽമഴയെത്തിയത്. ചൊവ്വാഴ്ച കോട്ടയം നഗരത്തിൽ ഒന്നു മുഖം കാണിച്ച് മറ്റിടങ്ങളിലേക്ക് പോയ വേനൽമഴ, ബുധനാഴ്ച വൈകീട്ട് നഗരത്തെയും കുളിർപ്പിച്ചു. ചൊവ്വാഴ്ച രാവിലെ മുതൽ ഇപ്പോൾ പെയ്തേക്കും എന്ന് കൊതിപ്പിച്ച് അന്തരീക്ഷം മൂടിക്കെട്ടി നിന്നിരുന്നു. പലായിലും പരിസരങ്ങളിലും ശക്തമായ മഴയും പെയ്തു. കനത്ത മഴയിൽ കടപ്പാട്ടൂർ, മുരിക്കുംപുഴ, ടൗൺ മേഖലകളിൽ ആലിപ്പഴം പെയ്തതും കൗതുകക്കാഴ്ചയായി.
പക്ഷേ, ബുധനാഴ്ച രാവിലെ മുതൽ മഴയുടെ ലാഞ്ചന പോലുമില്ലാതെ കുത്തിത്തുളക്കുന്ന വെയിലായിരുന്നു. അതിനിടയിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പുമെത്തിയിരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നായിരുന്നു അറിയിപ്പ്. പ്രവചിച്ചപോലെയൊന്നുമായില്ലെങ്കിലും കത്തുന്ന വേനലിന് സമാശ്വാസമായി മഴ പെയ്തു. തണുത്ത കാറ്റുമുണ്ടായിരുന്നു. ചിലയിടങ്ങളിൽ മരം വീണ് ഗതാഗതം മുടങ്ങി. മേലുകാവ് പഞ്ചായത്തിൽ പലയിടത്തും മരങ്ങളും വൈദ്യുതി പോസ്റ്റുകളും കാറ്റിൽ വീണു. അതേസമയം, കിഴക്കൻ മലയോര മേഖലകളിൽ തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ വേനൽ മഴ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

