ട്രെയിനിലെ സ്ഥിരം മോഷ്ടാവ് പിടിയിൽ; കണ്ടെടുത്തത് 13 മൊബൈൽ ഫോണുകൾ
text_fieldsപ്രതിയിൽനിന്ന് പിടികൂടിയ ലാപ്ടോപ്പും മൊബൈൽ ഫോണുകളും, പ്രതി ദിൽദാർ ഹുസൈൻ
കോട്ടയം: രാത്രികാല ട്രെയിനുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന അസം സ്വദേശി പിടിയിൽ. ദിൽദാർ ഹുസൈനെയാണ് (28) ആർ.പി.എഫ് തിരുവനന്തപുരം ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും കോട്ടയം റെയിൽവേ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഉറങ്ങിക്കിടക്കുന്ന യാത്രക്കാരുടെ ലാപ്ടോപ്, മൊബൈൽ ഫോൺ, മറ്റ് വിലകൂടിയ സാധനങ്ങൾ എന്നിവ മോഷ്ടിച്ച് ട്രെയിനിൽനിന്ന് ഇയാൾ അതിവിദഗ്ധമായി കടക്കുകയായിരുന്നു.
എറണാകുളത്തിനും കൊല്ലത്തിനും ഇടയിലായിരുന്നു മോഷണം നടത്തിയിരുന്നത്. കഴിഞ്ഞദിവസങ്ങളിലായി നിരവധി യാത്രക്കാരുടെ ലാപ്ടോപ് അടക്കമുള്ളവ നഷ്ടപ്പെട്ടു. പരിശോധനയിൽ ബുധനാഴ്ച പുലർെച്ച കോട്ടയം റെയിൽവേ സ്റ്റേഷനിൽ ബാഗുമായി സംശയാസ്പദ സാഹചര്യത്തിൽ ഇയാളെ കണ്ടെത്തി. ഉദ്യോഗസ്ഥരെ കണ്ടതോടെ ഓടിമറയാൻ ശ്രമിച്ച ദിൽദാർ ഹുസൈനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ഇയാളുടെ ബാഗിൽനിന്ന് 3.5ലക്ഷത്തോളം രൂപ വിലയുള്ള 13 മൊബൈൽ ഫോൺ, ഐ പാഡുകൾ, ലാപ്ടോപ് എന്നിവ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസങ്ങളിലായി മോഷ്ടിച്ചവയാണ് ഇതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. ചെറുകിട കച്ചവടക്കാർക്ക് മറിച്ചുവിൽക്കാൻ ബാഗിൽ കരുതിയിരുന്ന 37,000 രൂപയോളം വിലവരുന്ന 654 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
മോഷണമുതലുകൾ അസമിലേക്ക് കൊണ്ടുപോയി അവിടെ മറിച്ചുവിൽക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
മോഷണവസ്തുക്കൾ വിറ്റുകിട്ടുന്ന പണത്തിന്റെ ഭൂരിഭാഗവും ആർഭാട ജീവിതത്തിനും രാസലഹരി വസ്തു ഉപയോഗത്തിനുമാണ് ചെലവഴിച്ചിരുന്നത്. സാധനങ്ങൾ വിറ്റുകിട്ടുന്ന പണം തീരുമ്പോൾ വീണ്ടും മോഷണത്തിന് റെയിൽവേ സ്റ്റേഷനിൽ എത്തുകയാണ് പതിവെന്ന് ആർ.പി.എഫ് തിരുവനന്തപുരം ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ എ.ജെ. ജിപിൻ പറഞ്ഞു. പിടിച്ചെടുത്ത മോഷണ മുതലുകൾ തിരിച്ചറിയാനുള്ള നടപടി ആരംഭിച്ചതായി കോട്ടയം റെയിൽവേ പൊലീസ് എസ്.എച്ച്.ഒ റെജി പി. ജോസഫ് പറഞ്ഞു.
ട്രെയിനുകൾക്കൊപ്പം രാത്രി സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും ഇയാൾ മോഷണം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

