ഡ്രൈവിങ് സീറ്റിൽ ആളില്ലാതെ ആർ.ടി.ഓഫിസ്
text_fieldsകോട്ടയം: ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തനങ്ങളെ തകിടംമറിച്ച് റീജ്യനൽ ട്രാൻസ്പോർട്ട് ഓഫിസ് (ആർ.ടി.ഒ) സേവനം നിലച്ചിട്ട് മാസങ്ങൾ. ദൈനംദിന ആവശ്യങ്ങൾക്കായി നിരവധി പേരാണ് നിത്യേന ആർ.ടി. ഓഫിസിൽ എത്തുന്നത്. ദിവസങ്ങൾക്ക് മുമ്പ് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനകളിൽ ആർ.ടി. ഓഫിസുകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ആ സാഹചര്യം നിലനിൽക്കെയാണ് കോട്ടയം ജില്ലയിലെ ആർ.ടി. ഓഫിസ് നാഥനില്ലാ കളരിയായി മാറിയിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ അഞ്ചിനാണ് കോട്ടയം ആർ.ടി.ഒ ആയിരുന്ന കെ. അജിത്കുമാർ സ്ഥലം മാറിപ്പോയത്. പകരം എത്തിയ ഉദ്യോഗസ്ഥനാകട്ടെ ചുമതലയേറ്റയുടൻ അവധിയിൽ പ്രവേശിച്ചു. പ്രശ്നപരിഹാരം എന്ന നിലക്ക് പത്തനംതിട്ട ആർ.ടി.ഒ സി. ശ്യാമിന് ജില്ലയുടെ അധികച്ചുമതല നൽകി. എന്നാൽ പമ്പയിൽ നടക്കാനിരിക്കുന്ന അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട ചുമതലകളും അദ്ദേഹത്തിനുണ്ട്. അതിനാൽ രണ്ടുജില്ലയിലെ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമയത്ത് ചെയ്തുതീർക്കാൻ കഴിയാത്ത സ്ഥിതിയാണ്. ആർ.ടി.ഒ സ്ഥലത്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പല ആവശ്യങ്ങൾക്കായി എത്തുന്നവരെ മടക്കി അയക്കൽ തുടരുകയാണ്.
ബസുകൾക്ക് സ്റ്റേജ് കാര്യേജ് പെർമിറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആർ.ടി.ഒ പരിശോധിച്ച ശേഷം മാത്രമാണ് അനുമതി നൽകുന്നത്. ചരക്കുവാഹനങ്ങളുടെ ദേശീയ പെർമിറ്റുകൾ പുതുക്കൽ, ഡ്രൈവിങ് ലൈസൻസുകൾ അയോഗ്യമാക്കൽ, വാഹന രജിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങൾക്കെല്ലാം ആർ.ടി.ഒയുടെ അനുമതി ആവശ്യമാണ്. എന്നാൽ ഇതൊന്നും കോട്ടയം ആർ.ടി.ഓഫിസിൽ ഇപ്പോൾ നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്നു.
ആർ.ടി.ഒ ഇല്ലാത്തതിനാൽ നിരവധി ഫയലുകളാണ് വാഹനവകുപ്പ് ഓഫിസിൽ കെട്ടിക്കിടക്കുന്നത്. തലവൻ ഇല്ലാത്തതിനാൽ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) യോഗവും ചേരാൻ സാധിക്കുന്നില്ല. സ്വകാര്യ ബസ് സർവീസുകളുടെ സമയക്രമം, ടാക്സികളുടെ നിരക്ക് ഉൾപ്പെടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ആർ.ടി.എ ബോർഡിന് കീഴിലാണ്. ആർ.ടി. ഓഫിസുമായി ബന്ധപ്പെട്ട പ്രശ്നം മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

