ഈരയിൽ പാലം പുനർനിർമാണം ആരംഭിച്ചു
text_fieldsപലകകൾ ജീർണിച്ചടർന്ന് അപകടനിലയിലായ വെച്ചൂർ പഞ്ചായത്ത് ആറാം വാർഡിലെ ഈരയിൽ പാലത്തിന്റെ
പുനർ നിർമാണം ആരംഭിച്ചപ്പോൾ
വെച്ചൂർ: ഈരയിൽ തോടിന് കുറുകെയുള്ള അപകടനിലയിലായ പാലത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. തോടിന് കുറുകെ ഏഴുലക്ഷം രൂപ വിനിയോഗിച്ചാണ് പഞ്ചായത്ത് പാലം നിർമിക്കുന്നത്. ഇരുമ്പു കേഡറിന് മീതെ ഇരുമ്പുപാളികൾ പാകി ഓട്ടോ കടന്നുപോകുന്ന വിധത്തിലുള്ള പാലമാണ് നിർമിക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള നിലവിലെ പാലം ഇരുമ്പ് കേഡറിൽ പലകയും കോൺക്രീറ്റ് സ്ലാബും പാകി നിർമിച്ചതായിരുന്നു. കാലപ്പഴക്കത്താൽ ജീർണിച്ച് ഏതു നിമിഷവും തകരുമെന്ന നിലയിലായിരുന്നു.
വിദ്യാർഥികളടക്കം നിരവധി കുടുംബങ്ങൾ ഈ പാലത്തെ ആശ്രയിച്ചാണ് മറുകര കടക്കുന്നത്. വയോധികരും വിദ്യാർഥികളും ഏറെ ഭയത്തോടെയാണ് പാലം കടന്നിരുന്നത്. ഓരോ വർഷവും നാട്ടുകാർ അറ്റകുറ്റപ്പണി നടത്തി പാലം സഞ്ചാരയോഗ്യമാക്കി വരികയായിരുന്നു. പാലം നിർമാണം ദ്രുതഗതിയിൽ പൂർത്തിയാക്കി പ്രദേശവാസികളുടെ യാത്രാ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

