വിമതന്മാരെ ജനമങ്ങെടുത്തൂ ..
text_fieldsകോട്ടയം: സീറ്റ് നൽകാത്തതിനാലും മറ്റ് കാരണങ്ങളാലും പാർട്ടിയോട് ഇടഞ്ഞ് വിമതരായി മൽസരിച്ച പലരേയും ജനം അങ്ങ് വിജയിപ്പിച്ചു. ചിലർ പരാജയപ്പെട്ടെങ്കിലും പല മുന്നണി സ്ഥാനാർഥികളുടെയും വിജയം തട്ടിത്തെറിപ്പിക്കുകയും ചെയ്തു. ചങ്ങനാശ്ശേരി നഗരസഭയിൽ യു.ഡി.എഫിന്റെ മൂന്ന് വിമതരാണ് വിജയിച്ചത്. 282 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ശക്തി റെജി കേളമ്മാട്ട് വാർഡ് രണ്ടിൽ കരുത്തുകാട്ടി.15ാം വാർഡിൽ 599 വോട്ടിന്റെ വൻഭൂരിപക്ഷത്തിലായിരുന്നു ജോസഫ് ചാക്കോയുടെ ജയം. 34ാം വാർഡിൽ ഒരുവോട്ടിന്റെ അട്ടിമറി ജയം നേടിയ എൽസമ്മ ജേക്കബും യു.ഡി.എഫ് വിമതയാണ്. ചങ്ങനാശ്ശേരിയിൽ ഏഴ് സ്വതന്ത്രർ വിജയിച്ചതോടെ മുനിസിപ്പാലിറ്റിയിൽ ആര് ഭരിക്കണമെന്ന ഇവരുടെ നിലപാട് നിർണായകമാകും.
ഏറ്റുമാനൂർ നഗരസഭ വാർഡ് 11 മാടപ്പാട് മത്സരിച്ച സി.പി.എം വിമതൻ ടി.പി മോഹൻദാസ് നാല് വോട്ടിന് ജയിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം വി. ജയപ്രകാശ് മത്സരിച്ച വാർഡിൽ സി.പി.എം വിമതനായ വി.പി. ബിനീഷ് കടുത്ത വെല്ലുവിളിയാണുയർത്തിയത്. ഇതോടെ സി.പി.എം സ്ഥാനാർഥി ഇവിടെ മൂന്നാമതായി. യു.ഡി.എഫാണ് ഇവിടെ വിജയിച്ചത്. പാലാ നഗരസഭ 19ാം വാർഡായ പാലായിൽ കോൺഗ്രസ് വിമത സ്ഥാനാർഥിയും നിലവിൽ കൗൺസിലറുമായിരുന്ന മായ രാഹുൽ 22 വോട്ടിനാണ് ജയിച്ചത്. കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥി പ്രഫ. സതീഷ് ചൊള്ളാനിയെയാണ് അവർ തോൽപിച്ചത്.
ആർപ്പൂക്കര പഞ്ചായത്ത് എട്ടാംവാർഡിൽ ബി.ജെ.പി ജില്ല കമ്മിറ്റിയംഗമായ മായ ജി.നായർ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് പാർട്ടിയിൽനിന്നു രാജിവെച്ച് എൽ.ഡി.എഫ് സ്വതന്ത്രയായി മത്സരിച്ച് വിജയിക്കുകയും ചെയ്തു. മുണ്ടക്കയം പഞ്ചായത്തിൽ രണ്ട് വിമതസ്ഥാനാർഥികൾ വിജയിച്ചു. അഞ്ചാം വാർഡിൽ യു.ഡി.എഫ് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് സ്വതന്ത്രയായി മത്സരി ച്ച സിനി ആന്റോയും 20ാം വാർഡിൽ എൽ.ഡി.എഫ് സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് സ്വതന്ത്രനായി മത്സരിച്ച സി.പി.എം ലോക്കൽ കമ്മിറ്റി ഭാരവാഹിയായിരുന്ന ജയിംസുമാണ് വിജയിച്ചത്.
എരുമേലി പഞ്ചായത്തിൽ വിമതർ മത്സരിച്ച രണ്ട് വാർഡുകളിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ഒന്നാം വാർഡായ പഴയിടത്ത് യു.ഡി.എഫ് സ്ഥാനാർഥി സരസമ്മ ദാസിനെതിരെ മത്സരിച്ച മുൻ കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ അനിത സന്തോഷ് 227 വോട്ട് നേടി രണ്ടാമത് എത്തിയപ്പോൾ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി നീതു പ്രശാന്ത് വിജയിച്ചു. പലയിടത്തും വിമതരുടെ സാന്നിധ്യം മുന്നണി സ്ഥാനാർഥികളുടെ വിജയം തട്ടിനീക്കിയെന്നതും മറ്റൊരു സത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

