വായന പക്ഷാചരണം; കോട്ടയം ജില്ലയിൽ വിപുലമായ പരിപാടികൾ
text_fieldsകോട്ടയം: വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായ പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19ന് പരിപാടികൾക്ക് തുടക്കമാകും. രാവിലെ 10ന് സ്കൂളുകളിലും കോളജുകളിലും വായനദിന പ്രതിജ്ഞയെടുക്കും.
സ്കൂളുകളിൽ പദമത്സരം, അക്ഷരശ്ലോകം, ക്വിസ്, പ്രസംഗം, ചിത്രരചന, കഥാകഥനം മത്സരങ്ങൾ, വായനക്കളരി, പുസ്തകപരിചയം, സെമിനാറുകൾ, ഗ്രന്ഥകാരന്മാരുമായി സംവാദം, ഡിജിറ്റൽ വായന പരിശീലനം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും. സ്കൂളുകളിലെ ലൈബ്രറികൾ വിപുലപ്പെടുത്താൻ ‘ഒരു പുസ്തകം സംഭാവന ചെയ്യൂ’ പ്രചാരണ പരിപാടിയും സംഘടിപ്പിക്കും. വായനദിന പരിപാടികളിൽ ലഹരി-മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിനും പ്രാമുഖ്യം നൽകും. ജില്ല ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ലൈബ്രറികളിൽ രണ്ടാഴ്ച നീളുന്ന പരിപാടികൾ സംഘടിപ്പിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കോളജുകളിൽ പക്ഷാചരണ പരിപാടികൾ സംഘടിപ്പിക്കും. സാക്ഷരത മിഷന്റെ നേതൃത്വത്തിൽ തുടർ വിദ്യാകേന്ദ്രങ്ങളിൽ വായന ദിനാഘോഷം നടക്കും. തുല്യത പഠിതാക്കൾക്കായി വിവിധ മത്സരങ്ങൾ നടക്കും. തുല്യത പഠനകേന്ദ്രങ്ങളിൽ സെമിനാറുകൾ, ചർച്ചകൾ എന്നിവ സംഘടിപ്പിക്കും. പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ക്വിസ്, അക്ഷരശ്ലോകം മത്സരങ്ങളും വായനക്കളരികളും സംഘടിപ്പിക്കും.
വായനദിനം-പക്ഷാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം 19ന് രാവിലെ 11.30ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് ഹയർ സെക്കൻഡറി സ്കൂളിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിക്കും.
പനമറ്റം: ദേശീയ വായനശാലയിൽ 19ന് വൈകീട്ട് ഏഴിന് വായന പക്ഷാചരണം സാഹിത്യകാരൻ എം.ജി. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ആർ. ജാനകി പി.എൻ. പണിക്കർ അനുസ്മരണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

