മഴ: കോട്ടയത്ത് കെ.എസ്.ഇ.ബിക്ക് 1.75 കോടിയുടെ നഷ്ടം, വൈദ്യുതി വിതരണം സമയബന്ധിതമായി പുനഃസ്ഥാപിച്ചു
text_fieldsഈരാറ്റുപേട്ട കാരക്കാടിന് സമീപത്തെ ചങ്ങാടക്കടവിലെ ട്രാൻസ്ഫോർമർ നശിച്ച സ്ഥിതിയും പുനഃസ്ഥാപിച്ച ശേഷവും
കോട്ടയം: വെള്ളപ്പൊക്ക ദുരിതത്തിനിടെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും നടത്തിയത് കഠിനപ്രയത്‌നം. കനത്ത മണ്ണിടിച്ചിലും നാശനഷ്ടവുമുണ്ടായ പൂഞ്ഞാർ, തീക്കോയി, ഈരാറ്റുപേട്ട മേഖലകളിലടക്കം അടിയന്തര പ്രാധാന്യം നൽകി വൈദ്യുതി വിതരണം മൂന്നു ദിവസം കൊണ്ടുതന്നെ പുനഃസ്ഥാപിക്കാന്‍ സാധിച്ചു.
പൂഞ്ഞാറും ഈരാറ്റുപേട്ടയും അടങ്ങുന്ന പാലാ സർക്കിളിലാണ് കൂടുതൽ നഷ്ടമുണ്ടായത്. ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് പാലാ സർക്കിളിനു കീഴിലുള്ള 21 ഇലക്ട്രിക്കൽ സെക്ഷനുകളിലായി ഒരു കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് കെ.എസ്.ഇ.ബി വിലയിരുത്തുന്നത്. ജില്ലയിൽ 1.75 കോടിയുടെ നഷ്ടം കണക്കാക്കുന്നു.
മൂന്ന് ട്രാൻസ്ഫോർമറുകൾ പൂർണമായി തകർന്നു. 76 ഹൈടെൻഷൻ പോസ്റ്റുകളും 218 ലോ ടെൻഷൻ പോസ്റ്റുകളും ഒടിഞ്ഞു. 11 കെ.വി. ലൈനുകൾ ഉൾപ്പെടെ 863 ഇടങ്ങളിൽ വൈദ്യുതി ലൈനുകൾ പൊട്ടുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. 95080 കണക്ഷനുകളെ ബാധിച്ച ഇവിടെ പൂർണമായും വൈദ്യുതി പുനഃസ്ഥാപിക്കാനായി. വെള്ളപ്പൊക്കത്തിനൊപ്പം 340 ഇടങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീണും വൈദ്യുതി തടസ്സപ്പെട്ടു.
കോട്ടയം സർക്കിളിനു കീഴിൽ 73663 ഉപഭോക്താക്കളെയാണ് ബാധിച്ചത്. 31 സെക്ഷനുകളിലായി 78 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 25 ഹൈടെൻഷൻ പോസ്റ്റുകളും 78 ലോ ടെൻഷൻ പോസ്റ്റുകളും നശിച്ചു. 285 ഇടങ്ങളിൽ വൈദ്യുതി ലൈൻ പൊട്ടി. രണ്ട് ട്രാൻസ്ഫോർമറുകൾ പൂർണമായും നശിച്ചതിനെ തുടർന്ന് മാറ്റിസ്ഥാപിക്കേണ്ടി വന്നു.
2018ലെ പ്രളയത്തെ തുടർന്ന് കുമരകം, തിരുവാർപ്പ്, വെച്ചൂർ, കല്ലറ തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലുണ്ടായിരുന്ന ട്രാൻസ്ഫോർമറുകൾ വെള്ളം കയറാത്ത ഭാഗങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുകയോ ഉയരം കൂട്ടി സ്ഥാപിക്കുകയോ ചെയ്തിരുന്നതിനാലാണ് കൂടുതല്‍ നാശനഷ്ടം ഒഴിവായത്. ജില്ലയിലെ രണ്ടു സർക്കിളുകളുടെയും കീഴിലെ മുഴുവൻ പ്രദേശങ്ങളിലും കാലവർഷത്തിനു മുൻപേ ഹൈടെൻഷൻ, ലോ ടെൻഷൻ ലൈനുകൾക്കു സമീപമുള്ള മരച്ചില്ലകൾ വെട്ടിമാറ്റുകയും പരിശോധനകളും മെയിന്‍റനൻസ് ജോലികളും പൂർത്തീകരിക്കുകയും ചെയ്തിരുന്നു. നഗരപ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഏരിയൽ ബഞ്ച്ഡ് കേബിളുകൾ (എ.ബി.സി) വഴിയാക്കിയതിനാൽ വൈദ്യുതി തടസ്സം വലിയൊരളവുവരെ ഒഴിവാക്കാനായി.
അടിയന്തര സന്ദേശങ്ങൾ നൽകുന്നതിനും പരാതികൾ അറിയിക്കുന്നതിനായും പാലാ, കോട്ടയം ഇലക്ട്രിക്കൽ സർക്കിൾ ഓഫിസുകളിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ഫോൺ: 94960 18397 (പാലാ), 9496008063(കോട്ടയം). അതതു സർക്കിളുകൾക്കു കീഴിലുള്ളവർക്ക് 24 മണിക്കൂറും വൈദ്യുതി തടസ്സവും അപകടസാധ്യതയും സംബന്ധിച്ച് പരാതികൾ അറിയിക്കാൻ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

