Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമഴക്കെടുതി തുടരുന്നു;...

മഴക്കെടുതി തുടരുന്നു; പടിഞ്ഞാറൻ മേഖല വെള്ളപ്പൊക്ക ഭീഷണിയിൽ

text_fields
bookmark_border
മഴക്കെടുതി തുടരുന്നു; പടിഞ്ഞാറൻ മേഖല വെള്ളപ്പൊക്ക ഭീഷണിയിൽ
cancel
camera_alt

 ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറൻ മേഖലയായ നക്രാൽ പുതുവേൽ ഭാഗത്തെ വീടുകളിൽ വെള്ളംകയറിയ​േപ്പാൾ

കോട്ടയം: തിങ്കളാഴ്ച രാത്രി പെയ്ത മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും വെള്ളംകയറി. ചൊവ്വാഴ്ച പകൽ മഴ മാറിനിന്നത് വെള്ളം വരവിന്‍റെ തീവ്രത കുറച്ചു. കഴിഞ്ഞദിവസം മിന്നൽ പ്രളയമുണ്ടായ പാമ്പാടി, കറുകച്ചാൽ എന്നിവിടങ്ങളിൽനിന്ന് വെള്ളമൊഴിഞ്ഞെങ്കിലും മഴക്കെടുതി തുടരുന്നു.

മീനച്ചിലാറ്റിൽ ജലനിരപ്പുയർന്നതോടെ പടിഞ്ഞാറൻ മേഖല വെള്ളപ്പൊക്ക ഭീഷണിയിലാണ്. ജില്ലയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ, പ്രത്യേകിച്ചും ആലപ്പുഴ ജില്ലയുമായി അതിരുപങ്കിടുന്ന ഭാഗങ്ങളിൽ നല്ല മഴയുണ്ടാകുമെന്ന ഹൈഡ്രോളജി വിഭാഗത്തിന്‍റെ മുന്നറിയിപ്പും ആശങ്ക ഉയർത്തുന്നു.

ഈരാറ്റുപേട്ട, മുണ്ടക്കയം, കോരുത്തോട്, പാമ്പാടി എന്നിവിടങ്ങളിൽ മഴ ഇല്ലായിരുന്നു. മഴക്ക് അല്‍പം ശമനം വന്നതോടെ തീക്കോയി, ചേരിപ്പാട്, പാലാ പ്രദേശങ്ങളില്‍ മീനച്ചിലാറ്റിലെ ജലനിരപ്പ് താഴ്ന്നു. എന്നാല്‍, ഉച്ചയോടെ പേരൂര്‍, നീലിമംഗലം, കോടിമത, നാഗമ്പടം, കുമരകം ഭാഗങ്ങളില്‍ അപകടനിരപ്പ് പിന്നിട്ടത് ആശങ്കക്ക് കാരണമായി.

കിഴക്കന്‍ വെള്ളം ഒഴുകിയെത്തിയതോടെ വിജയപുരം, തിരുവാര്‍പ്പ്, അയ്മനം പഞ്ചായത്തുകളുടെയും കോട്ടയം നഗരസഭയുടെയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന് പിന്നാലെ ദേശീയ ദുരന്തനിവാരണ സേനയുടെ 25 അംഗ സംഘം ജില്ലയിലെത്തി.

കറുകച്ചാല്‍ വില്ലേജിലാണ് സംഘം ക്യാമ്പ് ചെയ്യുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്ത മഴക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ ചൊവ്വാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. 24 മണിക്കൂറിൽ 115.6 മുതൽ 204 .6 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. തിങ്കളാഴ്ചയും ജില്ലയിൽ ഓറഞ്ച് അലർട്ട് ആയിരുന്നു. ചൊവ്വാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയത് വിദ്യാർഥികൾക്ക് ബുദ്ധിമുട്ടായി.

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് ആദ്യം അവധി പറഞ്ഞിരുന്നത്. എന്നാൽ, ശക്തമായ മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിൽ സ്കൂളുകൾക്ക് ചൊവ്വാഴ്ച രാവിലെ അവധി നൽകുകയായിരുന്നു. വിവരമറിയാതെ നിരവധി വിദ്യാർഥികൾ സ്കൂളിലെത്തി മടങ്ങി.

നെടുംകുന്നത്തുണ്ടായത് ലക്ഷങ്ങളുടെ നഷ്ടം

നെടുംകുന്നം: നെടുംകുന്നം പഞ്ചായത്തിൽ കഴിഞ്ഞ ദിവസത്തെ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ലക്ഷങ്ങളുടെ നാശനഷ്ടം. തോടുകൾ കരവിഞ്ഞതോടെ ഇടത്തിനകത്തുപടി, നാരകച്ചാൽ, നെത്തല്ലൂർ-പനക്കവയൽ, ആര്യാട്ടുകുഴി ഭാഗങ്ങളിൽ വൻതോതിൽ കൃഷിനശിച്ചു.

തോടുകളുടെ സംരക്ഷണഭിത്തി തകർന്നാണ് വലിയ നാശമുണ്ടായത്. പഞ്ചായത്തിലെ പ്രധാന തോടായ ചാത്തനാട്ട്-മാന്തുരുത്തി തോടിന്റെ വിവിധ ഭാഗങ്ങളിലായി 1200 മീറ്ററോളം ഇടിഞ്ഞുവീണു. കൂടാതെ മലവെള്ളപ്പാച്ചിലിൽ പ്രധാന ഗ്രാമീണ റോഡുകളെല്ലാം തകർന്നു. പല റോഡുകളിലും ഗതാഗതംപോലും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഇരുപതോളം റോഡുകൾ ഭാഗികമായി തകർന്നു.

വള്ളിമല അംഗൻവാടി-കവളിമാവ്, മഠത്തുംപടി-കൂനാനി, വള്ളിമല-കോക്കുന്നേൽപടി, കൊച്ചോലി-മുക്കവല, മൂലേക്കുന്ന്-തുണ്ടിപ്പടി തുടങ്ങി നിരവധി റോഡുകൾ തകർന്നു. പലയിടത്തും ടാറിങ്ങും കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളും പൂർണമായി ഇളകിപ്പോയി. മലവെള്ളപ്പാച്ചിലിൽ ഒട്ടേറെ കലുങ്കുകളും ദുർബലമായി. 10 വീടുകളുടെ സംരക്ഷണഭിത്തികളാണ് പൂർണമായി ഇടിഞ്ഞത്. നൂറുകണക്കിന് കയ്യാലകൾ തകർന്നു. മാന്തുരുത്തിയിൽ രണ്ട് സ്ഥാപനങ്ങളിലായി സൂക്ഷിച്ച 1500ഓളം പാക്കറ്റ് സിമന്റ് വെള്ളംകയറി നശിച്ചു. നിരവധി വാഹനങ്ങളിലും വെള്ളംകയറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floodheavy rain
News Summary - Rain continues Western region under flood threat
Next Story