ഇടവിട്ട് മഴ; ഇടതടവില്ലാതെ ആശങ്ക
text_fieldsകോട്ടയം: ഇടവിട്ട് പെയ്യുന്ന കനത്ത മഴ ജില്ലയെ ആശങ്കയിലാക്കുന്നു. പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ താഴ്ന്ന മേഖലകളില്‍ വെള്ളം കയറി. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആറുകളിൽ ജലനിരപ്പ് ഉയരുകയാണ്.
കിഴക്കന്‍ വെള്ളത്തിന്റെ വരവ് വര്‍ധിച്ചതിനാല്‍ മീനച്ചിലാറിന്റെ തീരങ്ങളിലുള്ളവര്‍ ജാഗ്രതയിലാണ്. രണ്ടു ദിവസമായി മലയോര മേഖലയിലും പടിഞ്ഞാറൻ മേഖലയിലും കൂടിയും കുറഞ്ഞും മഴ തുടരുകയാണ്. അരമണിക്കൂർ ഇടവിട്ടാണ് മഴ പെയ്യുന്നത്. ഞായറാഴ്ച അതിനിടയിൽ വെയിൽ തെളിയുകയും ചെയ്തു. ഞായറാഴ്ച രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറില്‍ ജില്ലയില്‍ 573 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. 103 മില്ലീമീറ്റര്‍ വീതം പെയ്ത കോഴയിലും തീക്കോയിലുമാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. മീനച്ചിൽ, മണിമല, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയരുകയാണ്. മീനച്ചിലാറ്റിൽ മാത്രമാണ് അപകടാവസ്ഥയുള്ളത്.
ഇവിടെ കുമരകത്തും തിരുവാർപ്പിലും ജലനിരപ്പ് അപകടനിലക്കു മുകളിലാണ്. പേരൂർ മുതൽ നീലിമംഗലം, കോടിമത, നാഗമ്പടം ഭാഗങ്ങളിൽ മുന്നറിയിപ്പുനിര കടന്നു. മണിമലയാറ്റിൽ മുണ്ടക്കയം, മണിമല ഭാഗങ്ങളിൽ ജലനിരപ്പ് ഉയർന്നെങ്കിലും അപകടനിരപ്പിലെത്തിയിട്ടില്ല. മീനച്ചിലാർ കരകവിയുന്നതാണ് പടിഞ്ഞാറൻ മേഖലയിലുള്ളവരെയും തീരവാസികളെയും ആശയിലാക്കുന്നതെങ്കിൽ തുടർച്ചയായ മഴയിൽ മണ്ണിടിച്ചിലുണ്ടാകുമോ എന്ന ഭീതിയിലാണ് മലയോരം. മീനച്ചിലാറ്റില്‍ വെള്ളം ഉയര്‍ന്നതോടെ അയര്‍ക്കുന്നം, വിജയപുരം, മണര്‍കാട് പഞ്ചായത്തുകളിലെയും കോട്ടയം, ഏറ്റുമാനൂര്‍ നഗരസഭകളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വെള്ളം വരവ് ശക്തമായാല്‍ തിരുവാര്‍പ്പ്, അയ്മനം, ആര്‍പ്പൂക്കര, കുമരകം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

