നാഗമ്പടം പ്രൈവറ്റ് ബസ്സ്റ്റാൻഡിലേക്ക് വഴിയടച്ച് റെയിൽവേ
text_fieldsറെയിൽവേ സ്റ്റേഷനിൽനിന്ന് നാഗമ്പടം പ്രൈവറ്റ് ബസ്സ്റ്റാൻഡിലേക്കുണ്ടായിരുന്ന വഴി റെയിൽവേ അടച്ചതോടെ ഇരുമ്പുവേലി ചാടിക്കടക്കുന്ന യാത്രക്കാർ
കോട്ടയം: റെയിൽവേ സ്റ്റേഷനിൽനിന്ന് വേഗത്തിൽ നാഗമ്പടം പ്രൈവറ്റ് ബസ്സ്റ്റാൻഡിലേക്ക് എത്താൻ യാത്രക്കാർ ആശ്രയിച്ചിരുന്ന വഴി റെയിൽവേ കെട്ടിയടച്ചു. വിവിധ ട്രെയിനുകളിൽ എത്തുന്നവർ പ്ലാറ്റ്ഫോമിെൻറ മുൻവശത്തെത്തി ട്രാക്കിലൂടെ നടന്ന് സ്റ്റാൻഡിലേക്ക് പോകുകയായിരുന്നു പതിവ്. ഈ ഭാഗത്തുനിന്ന് ട്രെയിൻ കയറാൻ എത്തുന്നവരും ഈ വഴിയാണ് ആശ്രയിച്ചിരുന്നത്. ദിവസേന നൂറുകണക്കിന് യാത്രക്കാർക്ക് വേഗത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് എത്താൻ സൗകര്യവുമായിരുന്നു.
പരശു, വേണാട് ഉൾപ്പെടെയുള്ള ട്രെയിനുകളിലെത്തുന്ന സ്ഥിരം യാത്രക്കാരിൽ ഭൂരിഭാഗവും നടന്നുപോകുന്നതും ഇതിലൂടെയായിരുന്നു. ഈഭാഗത്തെ മതിലിൽ കാൽനടക്കാർക്ക് സഞ്ചരിക്കാൻ ചെറുവാതിലും നിർമിച്ചിരുന്നു. എന്നാൽ, ഇവിടം ഇരുമ്പ് കമ്പികൾ ഉപയോഗിച്ച് റെയിൽവേ അടക്കുകയായിരുന്നു. ഇതോടെ യാത്രക്കാർ കോട്ടയം റെയിൽവേ സ്റ്റേഷെൻറ പ്രധാന ഗേറ്റിലെത്തിയശേഷം റോഡിലൂടെ നടന്ന് നാഗമ്പടം പ്രൈവറ്റ് ബസ്സ്റ്റാൻഡിലേക്ക് എത്തേണ്ട സ്ഥിതിയാണ്. ഇത് ഏറെ സമയം നഷ്ടപ്പെടുത്തുമെന്ന് യാത്രക്കാർ പറയുന്നു. കൂുടതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നത് ഓഫിസുകളിലടക്കം വൈകാൻ കാരണമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ബസ്സ്റ്റാൻഡിനെയും നാഗമ്പടം ജങ്ഷനെയും ബന്ധിപ്പിക്കുന്ന മേൽപാലത്തിലേക്ക് റെയിൽവേ സ്റ്റേഷനിൽനിന്നെത്തുന്നവർക്ക് ഇപ്പോൾ കയറാനും വഴിയില്ലാതെയായി. എന്നാൽ, സുരക്ഷാകാരണങ്ങളാലാണ് അടച്ചതെന്നാണ് റെയിൽവേ പറയുന്നത്. പാത ഇരട്ടിപ്പിക്കൽ കഴിഞ്ഞതോടെ ഇതുവഴിയുള്ള യാത്ര ഏറെ അപകടകരമായതിനാലാണ് അടച്ചതെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

