റാഗിങ്: പ്രതികൾ വീണ്ടും ജയിലിൽ; കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് പൊലീസ്
text_fieldsകോട്ടയം: ഗവ. നഴ്സിങ് കോളജിലെ റാഗിങ് കേസിൽ അഞ്ച് പ്രതികളെയും തെളിവെടുപ്പ് പൂർത്തിയാക്കി വീണ്ടും ജയിലിലേക്കയച്ചു. രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്ന പ്രതികളുടെ ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കി വ്യാഴാഴ്ച വൈകീട്ട് ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കുകയായിരുന്നു. തുടർന്ന് പ്രതികളെ വീണ്ടും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലേക്ക് അയച്ചു.
കേസന്വേഷണം പൂർത്തിയാക്കി ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായാണ് കഴിഞ്ഞ ദിവസം പ്രതികളെ ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ, കൂടുതൽപേരെ റാഗിങ്ങിന് വിധേയമാക്കിയോ ഉൾപ്പെടെ കാര്യങ്ങളിൽ വ്യക്തത വരുത്താനായിരുന്നു ഇത്. പ്രതികളെ മാധ്യമങ്ങളിലുൾപ്പെടെ പ്രദർശിപ്പിക്കരുതെന്ന കോടതിയുടെ കർശന നിർദേശമുണ്ടായിരുന്നതിനാൽ രഹസ്യസ്വഭാവത്തോടെയായിരുന്നു പൊലീസ് നടപടികൾ.
ഒന്നാംവർഷ ജനറൽ നഴ്സിങ് വിദ്യാർഥികളായ ആറുപേരെ മൂന്നുമാസമായി ക്രൂരമായ റാഗിങ്ങിന് വിധേയരാക്കിയ കേസിൽ സീനിയർ വിദ്യാർഥികളായ മലപ്പുറം വണ്ടൂര്‍ കരുമാറപ്പറ്റ കെ.പി. രാഹുല്‍ രാജ് (22), മൂന്നിലവ് വാളകം കരയില്‍ കീരിപ്ലാക്കല്‍ സാമുവല്‍ ജോണ്സണ് (20), വയനാട് നടവയല്‍ പുല്പള്ളി ഞാവലത്ത് എന്‍.എസ്. ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടിയില്‍ സി. റിജില്‍ ജിത്ത് (20), കോരുത്തോട് മടുക്ക നെടുങ്ങാട്ട് എന്‍.വി. വിവേക് (21) എന്നിവരാണ് പ്രതികൾ. ഇവരെ ഹോസ്റ്റലിലുൾപ്പെടെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയെന്നും കേസുമായി ബന്ധപ്പെട്ട് ആവശ്യമുള്ള വിവരങ്ങളെല്ലാം ശേഖരിച്ചതായും പുതിയ പരാതികളുടെ അടിസ്ഥാനത്തിലുള്ള മൊഴികൾ രേഖപ്പെടുത്തിയതായും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
റാഗിങ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലുൾപ്പെടെ പ്രചരിച്ച സംഭവത്തിലും പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. അതിന് സംഭവത്തിൽ കോളജ് അധികൃതരുടെ പങ്ക് അന്വേഷിക്കണമെന്ന പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണവും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

