പുതുപ്പള്ളി പള്ളിയും വെടിക്കെട്ട് ഉപേക്ഷിച്ചു
text_fieldsകോട്ടയം: പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ ഈ വർഷത്തെ പെരുന്നാളിന് വെടിക്കെട്ട് ഉപേക്ഷിച്ചു. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നൽകിയ ആഹ്വാനം ഏറ്റെടുത്താണ് തീരുമാനം.
നാനാജാതി മതസ്ഥർ പങ്കെടുക്കുന്ന പുതുപ്പള്ളി പെരുന്നാൾ ആഗോളപ്രശസ്തമാണ്. മേയ് അഞ്ചിനാണ് വെടിക്കെട്ട് നടക്കേണ്ടിയിരുന്നത്. സഭാധ്യക്ഷന്റെ സ്നേഹചലഞ്ച് ഏറ്റെടുത്ത് വെടിക്കെട്ട് ഒഴിവാക്കുകയാണെന്ന് ഇടവക ഭരണസമിതിക്കുവേണ്ടി വികാരി ഫാ. ആൻഡ്രൂസ് ടി. ജോൺ അറിയിച്ചു. വെടിക്കെട്ടിനു ചെലവാകുന്ന തുക സഭയുടെ ജീവകാരുണ്യ പ്രവർത്തന മേഖലയായ സഹോദരൻ പദ്ധതിയിലേക്കും കോട്ടയം ഭദ്രാസനത്തിന്റെ ശതോത്തര സുവർണ ജൂബിലിയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കും പാമ്പാടി അഭയഭവൻ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ ഭിന്നശേഷിക്കാരുടെയും ഓട്ടിസം ബാധിതരുടെയും സംരക്ഷണത്തിനായി ഒരുങ്ങുന്ന ജി.എം.ഐ സെന്ററിന്റെ പ്രവർത്തനങ്ങൾക്കും ഇടവകയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കും.
ഭവനനിർമാണം, ചികിത്സ സഹായം, വിദ്യാഭ്യാസ സഹായം തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് 30 ലക്ഷം രൂപയാണ് കഴിഞ്ഞ വർഷം പള്ളി ചെലവഴിച്ചത്. 28നാണ് പെരുന്നാൾ കൊടിയേറ്റ്. മേയ് അഞ്ച്, ആറ്, ഏഴ് തീയതികളിൽ നടക്കുന്ന പ്രധാന പെരുന്നാളിന് ഒരുക്കങ്ങൾ പൂർത്തിയായതായി ട്രസ്റ്റിമാരായ ജെയിംസ് കുട്ടി പി. ചാക്കോ പാലാക്കുന്നേൽ, ജോർജ് തോമസ് പുതുപ്പനത്ത്, സെക്രട്ടറി അനീഷ് പി. തോമസ് പാപ്പാല എന്നിവർ അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ കോന്നി സെന്റ് ജോർജ് മഹാഇടവക, കാരൂർ സെന്റ് പീറ്റേഴ്സ്, അടൂർ ഇളംപള്ളിക്കൽ സെന്റ് ജോർജ്, മാവേലിക്കര കരിപ്പുഴ സെന്റ് ജോർജ് എന്നീ പള്ളികളും വെടിക്കെട്ട് ഉപേക്ഷിച്ച് ആ തുക ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

