അരയത്ത് മല ഖനനം: പ്രതിഷേധവുമായി നാട്ടുകാർ
text_fieldsസ്വകാര്യ വ്യക്തികൾ ഖനനം നടത്താൻ നീക്കം നടത്തുന്ന അരയത്ത് മലയും മലയുടെ താഴ്‌വാരവും
തലയോലപറമ്പ്: വീട് നിർമാണ അനുമതിയുടെ മറവിൽ മണ്ണും പാറയും കടത്താനുള്ള ശ്രമത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ. പൊതി അരയത്ത് മലയിൽനിന്ന് കരിങ്കല്ലും മണ്ണും ഖനനം ചെയ്ത് കടത്താനുള്ള സ്ഥല ഉടമയുടെയും സംഘത്തിന്റെയും ശ്രമം നേരത്തെ നാട്ടുകാർ തടഞ്ഞിരുന്നു. ഖനനം നടത്താൻ ശ്രമം നടക്കുന്ന പ്രദേശത്ത് 12 വീടുകളാണുള്ളത്. ഈ വീടുകളിൽ ഏഴെണ്ണം ഖനനം നടത്താൻ ഉദ്ദേശിക്കുന്നിടത്തു നിന്ന് അഞ്ച് മീറ്റർപോലും അകലത്തിലല്ല. 1.30 ഏക്കർ വരുന്ന അരയത്ത് മലയിലും അതിന്റെ താഴ്‌വാരത്തെ 60 സെന്റിലുമാണ് ഖനനം നടത്തുന്നത്.
അരയത്ത് മലയുടെ ഒരു ഭാഗത്തുനിന്ന് ഇതിനകം നല്ലൊരു പങ്ക് മണ്ണ് നീക്കിക്കഴിഞ്ഞു. മഴ കനത്താൽ കുന്നിന്റെ ശേഷിച്ചഭാഗം തങ്ങളുടെ താമസസ്ഥലത്തിന് മീതെ പതിക്കുമോയെന്ന ഭീതിയിലാണ് കുടുംബങ്ങൾ. വീടുകളിൽനിന്ന് പത്തടി അകലത്തിൽ പാറനീക്കി മണ്ണ് നിരപ്പാക്കാൻ തങ്ങൾക്ക് ഹൈകോടതി അനുമതിയുണ്ടെന്നാണ് സ്ഥല ഉടമകളുടെ അവകാശവാദം. പ്രദേശത്തെ വീടുകൾ ഈ പാറയുടെ മീതെയായതിനാൽ ഖനനത്തിന്റെ ആഘാതംമൂലം വീടുകൾ തകരും. കിണറുകൾ മലിനപ്പെടാനുമിടയുണ്ട്. വിജിലൻസ് വകുപ്പിന് പരാതി നൽകിയിട്ടുണ്ട്. വകുപ്പിന് കീഴിൽ പുതുതായി ആരംഭിച്ച ഓപറേഷൻ എർത്ത്ഗാർഡ്, ഖനനവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ പുറത്തുകൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

