മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടനയിൽ പ്രതിഷേധം; കെ.പി.സി.സിക്ക് പരാതി
text_fieldsകോട്ടയം: യൂത്ത് കോൺഗ്രസിനു പിന്നാലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടനയിലും ജില്ലയിൽ തിരുവഞ്ചൂർ പക്ഷത്തിന് മേധാവിത്വം. 40 മണ്ഡലം പ്രസിഡന്റുമാരുടെ രണ്ടാംഘട്ട പട്ടികയാണ് കഴിഞ്ഞദിവസം കെ.പി.സി.സി പ്രസിദ്ധീകരിച്ചത്. ഇത് പുറത്തുവന്നതോടെ പാർട്ടിയിൽ തർക്കവും രൂക്ഷമായി.
പട്ടികക്കെതിരെ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് കെ.പി.സി.സിക്ക് പരാതി നൽകി. മുതിർന്ന നേതാവും രാഷ്ട്രീയകാര്യ സമിതി അംഗവുമായ കെ.സി. ജോസഫും പ്രതിഷേധത്തിലാണ്. ഇദ്ദേഹം അതൃപ്തി കെ.പി.സി.സി പ്രസിഡന്റിനെ അറിയിച്ചതായാണ് സൂചന. ചങ്ങനാശ്ശേരിയിലെ മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തിൽ തന്റെ നിർദേശം പൂർണമായി അവഗണിച്ചെന്നാണ് കെ.സിയുടെ പരാതി.
ജില്ലയിലെ ‘ഐ’ ഗ്രൂപ്പും അമർഷത്തിലാണ്. ജോസഫ് വാഴക്കന്റെ നേതൃത്വത്തിൽ ഇവർ നൽകിയ പേരുകളും വെട്ടിനിരത്തിയെന്നാണ് ആക്ഷേപം. ജില്ലയിൽ 83 മണ്ഡലം കമ്മിറ്റിയാണുള്ളത്. ഇതിൽ അഞ്ചുവർഷം പൂർത്തിയാക്കാത്ത മണ്ഡലം പ്രസിഡന്റുമാരെ മാറ്റേണ്ടതില്ലെന്നായിരുന്നു ധാരണ. അതിനാൽ 36 മണ്ഡലം പ്രസിഡന്റുമാരെ നിലനിർത്തി. ഇവരുടെ പട്ടിക നേരത്തേ പുറത്തുവന്നിരുന്നു.
ഇനി ഏഴ് മണ്ഡലം പ്രസിഡന്റുമാരെകൂടി പ്രഖ്യാപിക്കാനുണ്ട്. രൂക്ഷമായ തർക്കമാണ് ഇവരുടെ പ്രഖ്യാപനം വൈകാൻ കാരണം. പുതിയ പട്ടികയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്ന ചിലയിടങ്ങളിൽ മാറ്റംവരാൻ സാധ്യതയുണ്ടെന്നും പറയുന്നു. മണ്ഡലം പ്രസിഡന്റുമാരുടെ പട്ടികയിലും പിടിമുറുക്കാൻ കഴിഞ്ഞതോടെ ജില്ലയിൽ തിരുവഞ്ചൂർ ശക്തനാകുകയാണെന്നാണ് വിലയിരുത്തൽ. കൂടുതൽപേർ തിരുവഞ്ചൂർ പക്ഷത്തേക്ക് ചായുമെന്ന ഭയവും ഏതിർപക്ഷങ്ങൾക്കുണ്ട്.
‘എ’ ഗ്രൂപ്പിൽനിന്ന് അകന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലയിൽ പുതിയൊരു ചേരി രൂപപ്പെടുത്തുകയായിരുന്നു. ഇവർക്ക് കെ.സി. വേണുഗോപാലിന്റെയും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെയും പിന്തുണയുമുണ്ട്. കെ.സി. ജോസഫിന്റെയും നാട്ടകം സുരേഷിന്റെയും നേതൃത്വത്തിലാണ് പഴയ ‘എ’ ഗ്രൂപ്പിന്റെ പ്രവർത്തനം.
തിരുവഞ്ചൂരിനെ നേരിടാൻ ജോസഫ് വാഴക്കന്റെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പുമായി ചേർന്നാണ് കെ.സി. ജോസഫ്-നാട്ടകം സുരേഷ് സഖ്യം മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക രൂപപ്പെടുത്തിയത്. എന്നാൽ, ഇത് പൂർണമായി അംഗീകരിക്കാതിരുന്ന കെ.പി.സി.സി നേതൃത്വം പുറത്തുനിന്നുള്ളവരെയും ഉൾപ്പെടുത്തുകയായിരുന്നു. ഇതിൽ വേണുഗോപാലിന്റെയും സതീശന്റെയും ഇടപെടലുണ്ടായെന്നാണ് എതിർവിഭാഗത്തിന്റെ സംശയം.
ഡി.സി.സി നൽകുന്ന പട്ടിക അംഗീകരിക്കുന്നതാണ് കീഴ്വഴക്കമെന്നാണ് നാട്ടകം സുരേഷിനൊപ്പമുള്ളവർ പറയുന്നത്. തർക്കമുള്ള മണ്ഡലം പ്രസിഡന്റുമാരുടെ മാറ്റണമെന്ന ആവശ്യവും ഇവർ മുന്നോട്ടുവെക്കുന്നു. എന്നാൽ, ഉമ്മൻ ചാണ്ടിയുടെ പ്രതാപകാലത്തെ എ ഗ്രൂപ് ഇപ്പോഴില്ലെന്നാണ് തിരുവഞ്ചൂരിനൊപ്പം നിലയുറപ്പിച്ചവർ പറയുന്നത്. മികവ് പരിഗണിച്ചുള്ള പട്ടികയാണിതെന്നും ഇവർ പറയുന്നു.
അതേസമയം, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ ആന്റോ ആന്റണി എം.പിയെ അനുകൂലിക്കുന്നവർക്കാണ് ഭൂരിഭാഗം പ്രസിഡന്റ് സ്ഥാനങ്ങളും. ഇതിൽ പ്രാദേശിക നേതാക്കൾക്കും അമർഷമുണ്ട്. നേരത്തേ യൂത്ത് കോൺഗ്രസിൽ തെരഞ്ഞെടുപ്പിനെ ചൊല്ലിയും ജില്ലയിലെ കോൺഗ്രസിൽ തർക്കം ഉടലെടുത്തിരുന്നു. ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനത്തിനെതിരെയും പഴയ ‘എ’ ഗ്രൂപ് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

