പ്രഫ. വി.ജെ. ഫിലിപ്; വിടവാങ്ങിയത് ജൈവ സാങ്കേതികവിദ്യയെ ജനകീയമാക്കിയ ഗവേഷകൻ
text_fieldsപ്രഫ. വി.ജെ. ഫിലിപ്
കോട്ടയം: ജൈവ സാങ്കേതിക വിദ്യ (ബയോടെക്നോളജി) മലയാളിക്ക് അത്ര പരിചിതമല്ലാത്ത കാലത്ത് ഈ വൈജ്ഞാനിക മേഖലയെ മലയാളത്തിന് പരിചയപ്പെടുത്തിയ പ്രതിഭാശാലി ആയിരുന്നു അന്തരിച്ച പ്രഫ. വി.ജെ. ഫിലിപ്. ഈ വിഷയത്തിന്റെ പ്രസക്തി മനസ്സിലാക്കിയ അദ്ദേഹം അതിൽ വൈദഗ്ധ്യം ആർജിക്കുകയും കാലിക്കറ്റ് സർവകലാശാലയിൽ 35 വർഷം മുമ്പ് അതിന്റെ വകുപ്പ് തുടങ്ങുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിദ്യാർഥികളെ ആകർഷിക്കുകയും ചെയ്തു.
1938 ഫെബ്രുവരി ഒമ്പതിന് കോട്ടയം മണ്ണക്കനാട് ഗ്രാമത്തിൽ വലിയമല്യാലിൽ ജോസഫിന്റെയും ഏലിയാമ്മയുടെയും മൂത്ത മകനായി ജനിച്ച അദ്ദേഹം ബാല്യത്തിൽതന്നെ കൃഷിയിൽ വലിയ താൽപര്യം കാണിച്ചു. 1954ൽ മദ്രാസ് സർക്കാറിന് കീഴിലുള്ള തിരിച്ചുറപ്പള്ളിയിലെ സെന്റ് ജോസഫ് കോളജിൽ ഇന്റർമീഡിയറ്റിന്ചേർന്നു. മദ്രാസ് ലയോള കോളജിൽനിന്ന് ബിരുദമെടുത്തു. പിന്നീട് സസ്യശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം നേടി. ലയോള കോളജിൽ ലക്ചററായി കുറച്ചുകാലം ജോലി നോക്കി. പിന്നീട് സസ്യകോശങ്ങളുടെ ഉത്ഭവവും വികാസവും എന്ന വിഷയത്തിൽ ഗവേഷണ ബിരുദം സ്വന്തമാക്കി.
1968ൽ തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് കോളജിൽ നിയമനം ലഭിച്ചെങ്കിലും കാലിക്കറ്റ് സർവകലാശാലയിൽനിന്ന് അതേവർഷം നിയമനം ലഭിച്ചതിനാൽ അദ്ദേഹം കേരളത്തിലേക്ക് പോന്നു. പ്രഫ. എം.എം. ഗിനിയായിരുന്നു കാലിക്കറ്റിലെ പ്രഥമ വൈസ്ചാൻസലർ. അദ്ദേഹത്തിന്റെ താൽപര്യപ്രകാരമാണ് ഫിലിപ് കാലിക്കറ്റിലെത്തുന്നത്. ബോട്ടണി വിഭാഗത്തെ അന്താരാഷ്ട്ര ശ്രദ്ധയിൽ എത്തിക്കാൻ അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. ടിഷ്യൂ കൾചറിലാണ് അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ കൂടുതലും. അതിന്റെ തുടർച്ചയിലാണ് സീനിയർ ഹംബോൾട്ട് ഫെലോഷിപ് നേടി ടിഷ്യൂ കൾചറിന്റെ ഈറ്റില്ലമായ ജർമനിയിൽ അദ്ദേഹമെത്തുന്നത്.
നാട്ടിൽ തിരിച്ചെത്തിയശേഷം കേന്ദ്രസർക്കാറിന് കീഴിലെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പിന്തുണയോടെ നാണ്യവിളകളുടെ ടിഷ്യൂകൾചർ ഗവേഷണം അദ്ദേഹം തുടങ്ങി. കുരുമുളക്, വാഴ എന്നിവയിലെല്ലാം അദ്ദേഹം ഗവേഷണങ്ങൾ നടത്തി. നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. യുനസ്കോയുടെ സാമ്പത്തിക പന്തുണയോടെ അന്താരാഷ്ട്ര ആണവ എനർജി അസോസിയേഷന്റെ കൂടെ ആഫ്രിക്കൻ കശുവണ്ടിയിൽ ഗവേഷണം നടത്തി.
1996ൽ ഐക്യരാഷ്ട്ര സഭയിലെ ബയോ ടെക്നോളജി വിദഗ്ധനായി തെരഞ്ഞെടുക്കപ്പെട്ടു. 1995ൽ കാലിക്കറ്റ് സർവകലാശാലയിൽ ഇന്ത്യയിലെ ആറാമത്തെ ബയോ ടെക് സെന്റർ തുടങ്ങുന്നതിലും മുഖ്യ പങ്കുവഹിച്ചത് പ്രഫ. ഫിലിപ് ആയിരുന്നു. 1999ലാണ് വിരമിച്ചത്. വിരമിച്ചശേഷം വിവിധ ബയോ ടെക് കമ്പനികളുടെ ഉപദേശകനായി പ്രവർത്തിച്ചു. കേന്ദ്രസർക്കാറിന്റെ വിവിധ കമ്മിറ്റികളിലും അംഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

