കാടുമൂടി കുളവാഴ സംസ്കരണ പ്ലാന്റ്
text_fieldsകോടിമത മാർക്കറ്റിലെ കുളവാഴ പ്ലാന്റ്
കോട്ടയം: നഗരത്തിലെ പോളശല്യത്തിന് ശാശ്വതപരിഹാരമായി ഒരിക്കൽ കണക്കാക്കിയ കുളവാഴ സംസ്കരണ പ്ലാന്റ് ഇന്ന് കാടുമൂടി നശിക്കുന്നു. എം.ജി റോഡിലെ പച്ചക്കറി മാർക്കറ്റിനുള്ളിൽ സ്ഥാപിച്ച പ്ലാന്റ്, വർഷങ്ങൾക്ക് മുമ്പ് നഗരസഭയുടെ അഭിമാനപദ്ധതിയായിരുന്നു. എന്നാൽ, 52 ലക്ഷം രൂപ ചെലവഴിച്ച് ഉയർത്തിയ ഈ സംവിധാനം ഇപ്പോൾ അവഗണനയുടെ പ്രതീകമായി മാറി.
2012ൽ അന്നത്തെ ചെയർമാൻ സണ്ണി കലൂരാണ് പദ്ധതി ആരംഭിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് ഉദ്ഘാടനം നിർവഹിച്ചത്. കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി ഫിർമയാണ് നിർമാണം നടത്തിയത്. ജലാശയങ്ങളിലെ കുളവാഴ സംസ്കരിച്ച് അതിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുക, മാർക്കറ്റിലെ തെരുവുവിളക്കുകളിൽ ഈ വൈദ്യുതി ഉപയോഗിക്കുമെന്നതായിരുന്നു ലക്ഷ്യം.
കുളവാഴ ലഭ്യമല്ലാതാവുന്ന സാഹചര്യം മുൻകൂട്ടി കണ്ടായിരുന്നു പച്ചക്കറി അവശിഷ്ടങ്ങളിൽനിന്ന് വൈദ്യുതി ഉണ്ടാക്കാനുള്ള സംവിധാനവും ഒരുക്കിയത്. എന്നാൽ, ഉദ്ഘാടനത്തിന് പിന്നാലെ പ്ലാന്റ് പ്രവർത്തനം നിലച്ചു. പച്ചക്കറി അരിയാനുള്ള ചോപ്പർ തകരാറിലായതോടെ ആരംഭിച്ച ബുദ്ധിമുട്ട് പിന്നീട് മോട്ടോർ കത്തിയതോടെ സമ്പൂർണമായി. സണ്ണി കലൂർ അധികാരത്തിൽനിന്ന് പിന്മാറിയതിനു ശേഷമുള്ള ഭരണസമിതികൾ പദ്ധതിയിലേക്ക് തിരിഞ്ഞുനോക്കിയില്ല.
ചെയർപേഴ്സനായിരുന്ന ഡോ. പി.ആർ. സോന പദ്ധതി പുനരാരംഭിക്കാൻ ശ്രമിച്ചെങ്കിലും സാമ്പത്തികപ്രതിസന്ധി തടസ്സമായി. തുടർന്ന് ജില്ല പഞ്ചായത്ത് പോളവാരൽ യന്ത്രവുമായി രംഗത്തെത്തിയതോടെ നഗരസഭയുടെ ശ്രമങ്ങളും പാതിവഴിയിൽ തന്നെ അവസാനിച്ചു.
ഇപ്പോൾ പ്ലാന്റ് പൂർണമായും കാടുമൂടി. ചുറ്റും നാറുന്ന മാലിന്യങ്ങളും ദുര്ഗന്ധവും. നഗരത്തിന്റെ ഹൃദയഭാഗത്ത് തന്നെ ലക്ഷങ്ങൾ മുടക്കിയ പദ്ധതികൾ നശിക്കുന്നതിൽ അധികാരികളുടെ അനാസ്ഥയും ഉത്തരവാദിത്തമില്ലായ്മയും വീണ്ടും തെളിയിക്കുന്നു.
പോളശല്യം നിയന്ത്രിക്കാൻ സമീപ നഗരസഭകൾ മുന്നോട്ട് വരുമ്പോൾ നഗരസഭയുടെ ഈ നില, പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ തുടങ്ങി മറവിയിലായ മറ്റനേകം പദ്ധതികളുടെയും പ്രതീകമായി മാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

