ശബരിമല സീസൺ: പ്രധാന സ്ഥലങ്ങൾ സ്വകാര്യ കൗണ്ടറുകൾ കൈയടക്കി; കെ.എസ്.ആർ.ടി.സി കൗണ്ടർ പുറത്ത്
text_fieldsകോട്ടയം റെയിൽവേ സ്റ്റേഷനിലെ
കെ.എസ്.ആർ.ടി.സി കൗണ്ടർ
റെയിൽവേ സ്റ്റേഷനിലെ കണ്ണായ സ്ഥലങ്ങൾ സ്വകാര്യ വാഹന കൗണ്ടറുകൾ കൈയടക്കിയതോടെ കെ.എസ്.ആർ.ടി.സി കൗണ്ടർ പുറത്ത്. സ്റ്റേഷന്റെ പ്രധാന കവാടത്തിൽനിന്ന് നീങ്ങി പാർക്കിങ് കൗണ്ടറിനു അപ്പുറത്ത് പിൽഗ്രിം സെന്റിലേക്കുള്ള വഴിയിലാണ് കെ.എസ്.ആർ.ടി.സിക്ക് കൗണ്ടർ നൽകിയിട്ടുള്ളത്.
ചുറ്റും തുണി വലിച്ചുകെട്ടി കസേരയിട്ടാണ് ജീവനക്കാർ ഇരിക്കുന്നത്. മഴ പെയ്താൽ സ്റ്റേഷൻ വളപ്പിലെ മലിനജലം ഒഴുകിയെത്തുന്നത് ഇവിടേക്കാണ്. ഞായറാഴ്ച രാത്രി പെയ്ത മഴയിൽ വെള്ളം കൗണ്ടറിനകത്തുകൂടി കുത്തിയൊലിച്ചൊഴുകി. മരത്തിനു മുകളിലെ നീർക്കാക്കകൾ കാഷ്ഠിക്കുന്നതുകൊണ്ടുള്ള ശല്യം വേറെ. വലിയ ദുർഗന്ധവുമുണ്ട്.
കഴിഞ്ഞ തവണവരെ കെ.എസ്.ആർ.ടി.സി കൗണ്ടർ സ്ഥാപിക്കാൻ സ്റ്റേഷനകത്ത് സ്ഥലം നൽകിയിരുന്നു. എന്നാൽ, ഇത്തവണ വികസന പ്രവൃത്തികൾ നടക്കുന്നതിനാൽ അകത്ത് സ്ഥലം നൽകാനാവില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. സ്റ്റേഷനു പുറത്തുകടന്നാൽ ആദ്യം കണ്ണിൽപെടുക സ്വകാര്യ വാഹനങ്ങളുടെ കൗണ്ടറുകളാണ്.
കെ.എസ്.ആർ.ടി.സി കൗണ്ടർ ഇല്ലെന്നു തെറ്റിദ്ധരിച്ച് തീർഥാടകർ സ്വകാര്യ വാഹനങ്ങൾ വിളിക്കുകയാണ്. സ്വകാര്യ വാഹനങ്ങളോട് മത്സരിച്ച് ആളെ വിളിച്ചുകയറ്റുകയാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ. 24 മണിക്കൂറാണ് കെ.എസ്.ആർ.ടി.സി സ്പെഷൽ ജീവനക്കാരുടെ ഡ്യൂട്ടി. ബസ് പുറപ്പെടുന്നതുവരെ ഇവർ കൗണ്ടറിനകത്തെ കസേരകളിൽ ഇരിക്കുകയാണ് ചെയ്യുന്നത്. ഇവർക്ക് വിശ്രമിക്കാനോ കിടക്കാനോ സ്ഥലമില്ല.
45 കെ.എസ്.ആർ.ടി.സി ബസ്
കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നേതൃത്വത്തിൽ സ്പെഷൽ കൗണ്ടർ റെയിൽവേ സ്റ്റേഷനിലും ഡിപ്പോയിലും ആരംഭിച്ചു. റെയിൽവേ സ്റ്റേഷനിൽനിന്നു മാത്രമാണ് ബസ് പുറപ്പെടുന്നത്. സ്റ്റാൻഡിൽ തീർഥാടകരുണ്ടെങ്കിൽ അവരെക്കൂടി കയറ്റും. 45 കെ.എസ്.ആർ.ടി.സി ബസാണ് പമ്പാ, എരുമേലി യാത്രക്ക് മണ്ഡലകാലത്തേക്ക് റെയിൽവേ സ്റ്റേഷനിൽ അനുവദിച്ചത്. മകരവിളക്കിന് പത്ത് ബസുകൂടി അനുവദിക്കും.
ഫാസ്റ്റ്, സൂപ്പർഫാസ്റ്റ്, സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളാണ് സർവിസ് നടത്തുന്നത്. ബസ് നിരക്കിൽ വർധന വരുത്തിയിട്ടില്ല. 40 സീറ്റുള്ള ബസ് അത്രയും യാത്രക്കാരായാൽ പുറപ്പെടും. പല ഡിപ്പോകളിൽനിന്നാണ് സർവിസിനെ ബാധിക്കാത്ത തരത്തിൽ ബസുകൾ അനുവദിച്ചിട്ടുള്ളത്.
തീർഥാടക സംഘങ്ങൾക്കായി ചാർട്ടേഡ് ബസും നൽകും. ഫാസ്റ്റ് ചാർട്ടേഡിന് പമ്പക്ക് 6600ഉം എരുമേലിക്ക് 11,250 രൂപയുമാണ് നിരക്ക്. സൂപ്പർഫാസ്റ്റിന് പമ്പക്ക് 6850ഉം എരുമേലിക്ക് 11,600 രൂപയും നൽകണം. സൂപ്പർ ഡീലക്സിൽ പമ്പക്ക് 7839ഉം എരുമേലിക്ക് 14,274ഉം സൂപ്പർ എക്സ്പ്രസിൽ പമ്പക്ക് 7566ഉം എരുമേലിക്ക് 13,104 രൂപയുമാണ് നിരക്ക്.