സ്വകാര്യ ബസ്സ്റ്റാൻഡിന്‍റെ ഭിത്തി പൊളിഞ്ഞുവീണു
text_fieldsഈരാറ്റുപേട്ട: നഗരസഭയുടെ സ്വകാര്യ ബസ് സ്റ്റാൻഡിന്‍റെ ഭിത്തി പൊളിഞ്ഞുവീണു. വ്യാഴാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം. വാഹനങ്ങൾ പ്രവേശിക്കുന്ന ഭാഗത്തെ ഭിത്തിയിൽ ബസ് ഇടിച്ചതിനെ തുടർന്ന് ഭിത്തിയുടെ മുകൾഭാഗം മുതൽ തകർന്നു വീഴുകയായിരുന്നു. നൂറുകണക്കിന് വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാർ ഈ സമയം സ്റ്റാൻഡിൽ ഉണ്ടായിരുന്നു. ഈരാറ്റുപേട്ട നഗരസഭയുടെ സ്വകാര്യ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് യാത്രക്കാർക്ക് ഭീഷണിയാകാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കെട്ടിടം പൊളിക്കാനുള്ള നിർമാണോദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞിട്ടും തുടർനടപടികൾ ആരംഭിച്ചിട്ടില്ല. ജീർണാവസ്ഥയിലായ ബസ്സ്റ്റാൻഡ് സമുച്ചയം എത് നിമിഷവും ഇടിഞ്ഞുവീഴാവുന്ന നിലയിലാണ്.
ഇരുനിലക്കെട്ടിടത്തിന് പകരം ഏഴുകോടിയിലധികം രൂപ ചെലവിട്ട് അഞ്ച് നിലകളുള്ള മ ള്‍ട്ടിപര്‍പ്പസ് ഷോപ്പിങ് കെട്ടിടം നിർമിക്കുകയായിരുന്നു ലക്ഷ്യം. 70ലധികം ഷട്ടറുകളും ഓഫിസ് ഏരിയയും കാര്‍ പാര്‍ക്കിങ് സൗകര്യവും പുതിയ കെട്ടിടത്തിൽ ഉൾപ്പെടുത്തിയിരുന്നു. കടമുറികളുടെ എണ്ണം വര്‍ധിക്കുന്നതുവഴി കൂടുതല്‍ വരുമാനവും നഗരസഭ പ്രതീക്ഷിച്ചിരുന്നു. രണ്ടു വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു നഗരസഭ ലക്ഷ്യമെങ്കിലും യാതൊരു പുരോഗതിയും ഇക്കാര്യത്തിലുണ്ടായില്ല. എന്നാൽ, ഭരണാനുമതി സർക്കാറിൽനിന്ന് ലഭിക്കാത്തതിനാലാണ് പുനർനിർമാണം വൈകുന്നതെന്ന് നഗരസഭയുടെ വാദം. നഗരഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബസ്സ്റ്റാൻഡിന് 40 വർഷത്തിലധികം പഴക്കമുണ്ട്.
കെട്ടിടത്തിന്‍റെ പലഭാഗങ്ങളും വര്‍ഷങ്ങളായി ചോര്‍ന്നൊലിക്കുന്ന നിലയിലാണ്. വർഷങ്ങളായി അറ്റകുറ്റപ്പണിപോലും നടത്തുന്നില്ല. ബസ് കാത്തിരുന്ന യുവതിയുടെ തലയില്‍ കോൺക്രീറ്റ് അടർന്നുവീണ് പരിക്കേറ്റ സംഭവം ഇവിടെ ഉണ്ടായിട്ടുണ്ട്. സ്റ്റാൻഡിൽ വന്ന് പോകുന്ന യാത്രക്കാരുടെ ജീവന് യാതൊരു സുരക്ഷയുമില്ലാത്ത അവസ്ഥയാണ്. കോൺക്രീറ്റ് കഷണങ്ങൾ യാത്രക്കാരുടെ ദേഹത്തേക്ക് അടർന്ന് വീഴാതിരിക്കാനായി വല വലിച്ചുകെട്ടിയിരിക്കുകയാണ്. എന്നാൽ, ഈ നെറ്റും ചിലഭാഗത്ത് അഴിഞ്ഞുപോയിരിക്കുകയാണ്. തൂണുകളും വാർക്കയും തകർന്ന് കോൺക്രീറ്റ് കമ്പികൾ തെളിഞ്ഞനിലയിലാണ്. ബസ്സ്റ്റാൻഡുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിന് നഗരസഭ കഴിഞ്ഞമാസം സർവകക്ഷി യോഗം ചേർന്നിരുന്നു. യോഗത്തിൽ ആവശ്യപ്പെട്ടതും ജീർണാവസ്ഥയിലായ കെട്ടിടം ഉടൻ പൊളിച്ചുനീക്കണമെന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

