വൺവേ തെറ്റിച്ച കെ.എസ്.ആർ.ടി.സി ബസിൽ സ്വകാര്യബസ് ഇടിച്ചു
text_fieldsകോട്ടയത്ത് ഭാരവാഹനങ്ങൾക്ക് യാത്രാനിരോധനമുള്ള വൺവേ റോഡിലേക്ക് തിരിഞ്ഞ കെ.എസ്.ആർ.ടി.സി. ബസിൽ സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടം
കോട്ടയം: ടൗണിൽ ഭാരവാഹനങ്ങൾക്ക് യാത്രാനിരോധനമുള്ള വൺവേ റോഡിലേക്ക് തിരിഞ്ഞ കെ.എസ്.ആർ.ടി.സി. ബസിൽ സ്വകാര്യ ബസ് ഇടിച്ചു. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റും ചങ്ങനാശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തിൽപെട്ടത്. ഇരുവാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു. ശനിയാഴ്ച രാവിലെ 7.45 ഓടെ കോട്ടയം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപം ടി.ബി റോഡിൽ കല്യാൺ സിൽക്സിന് എതിർവശത്തുനിന്ന് സ്റ്റാർ ജങ്ഷനിലേക്കുള്ള വൺവേ റോഡിലാണ് അപകടം.
ബസുകൾക്കും ഭാരവാഹനങ്ങൾക്കും യാത്രാനിരോധനമുള്ള റോഡിലേക്ക് കെ.എസ്.ആർ.ടി.സി ബസ് അപ്രതീക്ഷിതമായി തിരിഞ്ഞപ്പോൾ പിന്നാലെ എത്തിയ സ്വകാര്യ ബസ് ഇടിക്കാതിരിക്കാൻ വെട്ടിച്ചു. എന്നാൽ, ഇറക്കമായതിനാൽ നിയന്ത്രണം വിടുകയും നടപ്പാതയിലേക്ക് ഇടിച്ചു കയറി നിർത്തുകയുമായിരുന്നു. ഇതിനാലാണ് വലിയ ആഘാതത്തിലുള്ള കൂട്ടയിടി ഒഴിവായത്.
ഭാരവാഹനങ്ങൾക്ക് ഗതാഗത നിരോധനമുള്ള റോഡിൽ ഇപ്പോൾ ബസുകളും ലോറിയും പ്രവേശിക്കുന്നത് പതിവാണ്. ഇത് വ്യക്തമാക്കുന്ന ബോർഡ് റോഡിൽനിന്ന് മാറ്റിവെച്ച ശേഷമാണ് ബസുകൾ വീതി കുറഞ്ഞ റോഡിലേക്ക് പ്രവേശിക്കുന്നത്. രണ്ടു ബസിലും നിറയെ യാത്രക്കാരുണ്ടായിരുന്നു. ഇവർ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

