രാഷ്ട്രപതിയുടെ സന്ദർശനം;റോഡുകളുടെ അറ്റകുറ്റപ്പണി തകൃതി, പലയിടങ്ങളിലും ഗതാഗതക്കുരുക്കും
text_fieldsകോട്ടയം: രാഷ്ട്രപതിയുടെ കോട്ടയം സന്ദർശനത്തിന് മുന്നോടിയായി ധൃതഗതിയിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നത് പലയിടങ്ങളിലും ഗതാഗതക്കുരുക്കിന് കാരണമായി.മുന്നറിയിപ്പ് നൽകിയിട്ടാണ് പണികൾ പുരോഗമിക്കുന്നതെങ്കിലും പലയിടങ്ങളിലും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി എം.സി റോഡിൽ ബേക്കർ ജങ്ഷൻ മുതൽ ഗാന്ധിനഗർ വരെയും ഗാന്ധിനഗർ ജങ്ഷൻ മുതൽ ഏറ്റുമാനൂർ വരെയുമാണ് അറ്റകുറ്റപ്പണി നടന്നത്. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.
ഈമാസം 23 ന് പാലായിലെ പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് രാഷ്ട്രപതി ദ്രൗപദി മുർമു കോട്ടയത്ത് എത്തുന്നത്.തുടർന്ന് റോഡ് മാർഗം അവർ കുമരകത്തെത്തും. അതിന് വേണ്ടിയുള്ള റോഡുകളുടെ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.കോട്ടയത്തുനിന്ന് ഏറ്റുമാനൂരിലേക്ക് പോകേണ്ട വാഹനങ്ങൾ ഗാന്ധിനഗർ ജങ്ഷനിൽ നിന്നുതിരിഞ്ഞ് മെഡിക്കൽ കോളജ്, അതിരമ്പുഴ വഴി തിരിച്ചുവിടുകയായിരുന്നു. ഗാന്ധിനഗർ ജങ്ഷൻ മുതൽ ഏറ്റുമാനൂർ വരെ വൺവേ ആയിരുന്നതിനാൽ വലിയ പ്രശ്നം പ്രധാന റോഡിലുണ്ടായില്ല.
എന്നാൽ വാഹനങ്ങൾ തിരിച്ചുവിട്ടത് ഇടറോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. ഗാന്ധിനഗർ-ഏറ്റുമാനൂർ റോഡിലെ അറ്റകുറ്റപ്പണി കോട്ടയം നഗരത്തിലും ഗതാഗതക്കുരുക്കുണ്ടാക്കി.നാഗമ്പടം പാലത്തിന് സമീപം ഗതാഗതക്കുരുക്ക് പലപ്പോഴും രൂക്ഷമായിരുന്നു. അറ്റകുറ്റപ്പണി കാരണം കഴിഞ്ഞ രണ്ട് ദിവസമായി ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആളുകൾ വൈകിയാണ് എത്തുന്നത്. വാഹനങ്ങൾക്ക് പോകാനുള്ള മാർഗം നേരത്തെ തന്നെ അറിയിച്ചിട്ടും അതുപാലിക്കാതെ പണി നടക്കുന്ന ഭാഗത്ത് എത്തിയതാണ് ഗതാഗതക്കുരുക്കുണ്ടാക്കിയതെന്ന് പൊതുമരാമത്ത് അധികൃതർ വ്യക്തമാക്കുന്നു.
അതിനിടെ രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് റോഡിനിരുവശത്തുമുള്ള കാട് വെട്ടിത്തെളിക്കലും ആരംഭിച്ചിട്ടുണ്ട്. അതേസമയം റോഡുകളിലെ അറ്റകുറ്റപ്പണികൾ തട്ടിക്കൂട്ടാണെന്ന ആക്ഷേപവും ശക്തമാണ്.ശക്തമായി മഴ പെയ്യുന്ന സാഹചര്യത്തിൽ റോഡിലെ കുഴികൾ ഉൾപ്പെടെ അടച്ചുള്ള താൽക്കാലിക അറ്റകുറ്റപ്പണികൾ ദിവസങ്ങൾക്കുള്ളിൽ ഇളകി പോകാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

