
അധ്യക്ഷർക്കും പി.എ: നഗരസഭകൾക്ക് സാമ്പത്തിക ബാധ്യതയാവും
text_fieldsകോട്ടയം: അധ്യക്ഷർക്കും ഇഷ്ടമുള്ളവരെ പഴ്സനൽ അസിസ്റ്റന്റായി നിയമിക്കാനുള്ള ഉത്തരവ് സാമ്പത്തികപ്രതിസന്ധിയിലുള്ള നഗരസഭകൾക്ക് ബാധ്യതയാവും. ദിവസ വേതന/ കരാറടിസ്ഥാനത്തിലാണ് നിയമിക്കേണ്ടത്. ഇവർക്കുള്ള വേതനം തനത് ഫണ്ടിൽനിന്ന് കണ്ടെത്തണം. കെട്ടിട നികുതിയും പ്രഫഷനൽ ടാക്സും വാടകകളുമാണ് തനത് ഫണ്ടിൽ വരുന്നത്. ഇതുകൂടാതെ സംസ്ഥാന സർക്കാറിെൻറ ഗ്രാന്റും ലഭിക്കും.
എന്നാൽ, കോവിഡ്കാലം മുതൽ തദ്ദേശസ്ഥാപനങ്ങളുടെ വരുമാനത്തിൽ വൻ ഇടിവ് സംഭവിച്ചിട്ടുണ്ട്. സ്ഥാപനങ്ങളുടെ വാടക കുറച്ചുകൊടുത്തതും മറ്റു സേവനനികുതികളടക്കം ഇല്ലാതായതുമാണ് തദ്ദേശസ്ഥാപനങ്ങളെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കിയത്. ഇതുമൂലം ദൈനംദിന ചെലവുകൾ താളംതെറ്റിയ നിലയിലാണ്. കോട്ടയം നഗരസഭയിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ജീവനക്കാർക്ക് ശമ്പളം നൽകാൻ പണമുണ്ടായിരുന്നില്ല.
ഫണ്ട് വകമാറ്റിയാണ് ശമ്പളം നൽകിയത്. സാമ്പത്തിക വർഷം അവസാനമായതിനാൽ എല്ലാ തദ്ദേശസ്ഥാപനങ്ങളും സമാന അവസ്ഥയിലാണ്. 2019ലെ ഉത്തരവനുസരിച്ച് മുനിസിപ്പൽ അധ്യക്ഷർ നഗരസഭകളിലെ എൽ.ഡി ക്ലർക്ക് തസ്തികയിൽ കുറയാത്ത ഉദ്യോഗസ്ഥരെ പേഴ്സനൽ അസിസ്റ്റന്റായി നിയമിച്ചിരുന്നു. ഇവർക്ക് പ്രത്യേക ചെലവ് വന്നിരുന്നില്ല. പുറത്തുനിന്ന് ആളെ നിയമിക്കുന്നതോടെ ഇവർക്ക് വേതന ഇനത്തിൽ പുതുതായി തുക കണ്ടെത്തേണ്ട അവസ്ഥയാണ്. ഒരു മുനിസിപ്പാലിറ്റിക്ക് വർഷം രണ്ടരലക്ഷത്തിലധികം രൂപയാണ് ഈ ഇനത്തിൽ ചെലവുവരുക.
മുനിസിപ്പാലിറ്റിയുടെ പ്രവർത്തനങ്ങളിൽ കാര്യക്ഷമത വർധിപ്പിക്കുന്നതിെൻറ ഭാഗമായാണ് നടപടി. ആരോഗ്യവകുപ്പിലെ ജാൻസി എന്ന ഉദ്യോഗസ്ഥയാണ് കോട്ടയം നഗരസഭയിൽ അധ്യക്ഷയുടെ ക്ലർക്ക്. അതേസമയം ഇതുസംബന്ധിച്ച് തീരുമാനമെടുത്തില്ലെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു.
ക്ലർക്കിനെ പഴയ തസ്തികയിലേക്ക് മാറ്റണം
ഉത്തരവ് പ്രകാരം അധ്യക്ഷക്ക് ഇഷ്ടമുള്ള ആരെ വേണമെങ്കിലും പി.എ ആയി വെക്കുകയോ വെക്കാതിരിക്കുകയോ ചെയ്യാം. തനത് ഫണ്ടിൽനിന്ന് ശമ്പളം നൽകണമെന്നുമാത്രം. കോട്ടയം നഗരസഭയിൽ അധ്യക്ഷയുടെ ക്ലർക്ക് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥയാണ്. ആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവുള്ളതിനാൽ പല ഫയലുകളും കെട്ടിക്കിടക്കുകയാണ്. അതുകൊണ്ട് ആ ഉദ്യോഗസ്ഥയെ പഴയ തസ്തികയിലേക്ക് മാറ്റാനാവശ്യപ്പെട്ട് ചെയർപേഴ്സന് കത്തുനൽകും.
അഡ്വ. ഷീജ അനിൽ (പ്രതിപക്ഷ നേതാവ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
