രാഷ്ട്രപതിക്കായി ഒരുക്കം തകൃതി
text_fieldsരാഷ്ട്രപതി ദ്രൗപദി മുർമു
കോട്ടയം: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനത്തിന് പാലായിലും കുമരകത്തും വിപുല ഒരുക്കം. പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനായി 23ന് വൈകുന്നേരം നാലിനാണ് രാഷ്ട്രപതി പാലായിൽ എത്തുന്നത്. ശബരിമല ദർശനത്തിനുശേഷം തിരുവനന്തപുരത്തേക്ക് പോകുന്ന രാഷ്ട്രപതി അവിടെനിന്നാണ് പാലായിലേക്ക് എത്തുന്നത്. സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ എത്തുന്ന രാഷ്ട്രപതി സമ്മേളന ശേഷം കോട്ടയത്തെത്തി അവിടെനിന്ന് റോഡ് മാർഗം കുമരകത്തേക്ക് എത്തുമെന്നാണ് വിവരം. 24ന് കുമരകത്തുനിന്ന് ഡൽഹിയിലേക്ക് മടങ്ങും.
രാഷ്ട്രപതിയുടെ സന്ദർശനത്തിന് മുമ്പ് റോഡുകൾ ഉൾപ്പെടെ സൗകര്യം മെച്ചപ്പെടുത്തുന്ന നടപടികളാണ് പുരോഗമിക്കുന്നത്. ജില്ല പൊലീസ് മേധാവി എ. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പ്രദേശങ്ങൾ സന്ദർശിച്ച് സുരക്ഷ ക്രമീകരണങ്ങൾ ഉൾപ്പെടെ വിലയിരുത്തി.
സെന്റ് തോമസ് കോളജിലെ ബിഷപ് വയലിൽ ഹാളിലാണ് ജൂബിലി സമ്മേളനം. കോളജ് പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ ഡോ. സാൽവിൻ കാപ്പിലിപ്പറമ്പിൽ എന്നിവരുമായി ജില്ല പൊലീസ് മേധാവി ചർച്ച നടത്തി. പാലായിൽനിന്ന് ഹെലികോപ്റ്ററിൽ കോട്ടയത്ത് ഇറങ്ങി റോഡ് മാർഗം കുമരകത്തേക്ക് പോകുന്ന സാധ്യതയാണ് പരിഗണിക്കുന്നത്.
എന്നാൽ, കുമരകത്തേക്കുള്ള റോഡിന്റെയും പാലത്തിന്റെയും അവസ്ഥയാണ് വെല്ലുവിളി. രാഷ്ട്രപതി കടന്നുപോകേണ്ട പാതയുടെ അവസ്ഥ വളരെ ദയനീയമാണ്. കുമരകം റോഡിലെ പള്ളിച്ചിറയ്ക്കു സമീപം പൈപ്പ് പൊട്ടി വെള്ളവും മാലിന്യവുമായി ചേർന്ന് റോഡിന്റെ വശത്തുകൂടി ഒഴുകുകയാണ്. ചീപ്പുങ്കൽ പാലം മുതൽ കൈപ്പുഴമുട്ട് വരെ റോഡിന്റെ ഭാഗത്ത് മാലിന്യ കൂമ്പാരവുമുണ്ട്. ശുചിമുറി മാലിന്യങ്ങളും ഇതിലുണ്ട്.
നാലു പഞ്ചായത്തുകളുടെയും മൂന്നു സ്റ്റേഷനുകളുടെയും പരിധിയിലൂടെയാകും രാഷ്ട്രപതിയുടെ യാത്ര. ഇല്ലിക്കൽ മുതൽ രണ്ടാം കലുങ്ക് വരെ തിരുവാർപ്പ് പഞ്ചായത്താണ്. രണ്ടാംകലുങ്ക് മുതൽ കവണാറ്റിൻകര പാലം വരെ കുമരകം പഞ്ചായത്തും കവണാറ്റിൻകര മുതൽ ചീപ്പുങ്കൽ വരെ അയ്മനം പഞ്ചായത്തിലും ചീപ്പുങ്കൽ മുതൽ കൈപ്പുഴമുട്ട് വരെ ആർപ്പൂക്കര പഞ്ചായത്തിലുമാണ്.
ഇല്ലിക്കൽ പാലം മുതൽ കവണാറ്റിൻകര വരെ കുമരകം പൊലീസിന്റെയും കവണാറ്റിൻകര -ചീപ്പുങ്കൽ പാലം വരെ കോട്ടയം വെസ്റ്റിന്റെയും ചീപ്പുങ്കൽ-കൈപ്പുഴമുട്ട് ഭാഗം ഗാന്ധിനഗർ പൊലീസ് സ്റ്റേഷന്റെയും കീഴിലാണ്. ഇവിടങ്ങളിലെല്ലാം മതിയായ സുരക്ഷ ഉറപ്പാക്കിയാലേ രാഷ്ട്രപതിയെ റോഡ് മാർഗം കുമരകത്ത് എത്തിക്കാനാകൂ.
കോണത്താറ്റ് പാലം തുറക്കുമോ?
വർഷങ്ങളായി പണി പൂർത്തിയാകാതെ കിടക്കുന്ന കോണത്താറ്റ് പാലത്തിന് രാഷ്ട്രപതിയുടെ സന്ദർശനത്തോടെ ശാപമോക്ഷമാകുമോ എന്ന ആകാംക്ഷയിലാണു നാട്ടുകാർ. രാഷ്ട്രപതിയുടെ സന്ദർശനത്തിനു മുമ്പ് പാലം പണി പൂർത്തിയാക്കാനാകുമോയെന്നതിൽ ഇതുവരെ ഉറപ്പില്ല.
ഡി.വൈ.എസ്.പി എ.ജെ. തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പാലം ഉൾപ്പെടെ രാഷ്ട്രപതി പോകുന്ന റോഡിലെ സുരക്ഷ പരിശോധിച്ചു. സന്ദർശനത്തിന് പാലം തുറന്നു കൊടുക്കാൻ കഴിയുമോയെന്നു കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പാലത്തിന്റെ സമീപനപാതക്കായി ഇരുകരകളിലും പൂഴിമണ്ണ് ഇറക്കിത്തുടങ്ങി. എന്നാൽ ടാറിങ് ജോലി രാഷ്ട്രപതി വരുന്നതിനു മുമ്പ് തീർക്കാൻ കഴിയുമോ എന്നതിൽ ഉദ്യോഗസ്ഥർ പൊലീസിന് ഉറപ്പു നൽകിയിട്ടില്ല.
സെപ്റ്റംബർ 30ന് പാലം തുറന്നുകൊടുക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നില്ല. ഈ ആഴ്ച അവസാനത്തോടെ പാലം തുറന്നു കൊടുക്കുമെന്നാണ് മന്ത്രി വി.എൻ. വാസവൻ പ്രഖ്യാപിച്ചത്. ഇതുപ്രകാരം തിങ്കളാഴ്ചയെങ്കിലും പാലം തുറക്കണം. പാലത്തിലൂടെ രാഷ്ട്രപതിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയാണേൽ നിലവിലെ റോഡ് നന്നാക്കി ഉപയോഗിക്കുന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

