നടാൻ ഗുണനിലവാരമില്ലാത്ത തൈകൾ: തടയാൻ സംവിധാനമില്ലാതെ കൃഷിവകുപ്പ്
text_fieldsകോട്ടയം: സ്വകാര്യ നഴ്സറികൾ മുഖേന ഗുണനിലവാരമില്ലാത്ത ഫലവൃക്ഷത്തൈ വിൽപന വ്യാപകമെന്ന് പരാതി. ഗുണനിലവാരമില്ലാത്ത തൈകൾ വിതരണം തടയുന്നതിൽ കൃഷിവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
ഗുണനിലവാരം സംബന്ധിച്ച പരാതിയിൽ നടപടിയില്ലാതെ വന്നതോടെ കർഷകർ കടുത്ത ആശങ്കയിലാണ്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ചില സ്വകാര്യ നഴ്സറികളുടെ തൈ വിൽപനയെന്നും അമിതവിലയ്ക്ക് വിൽക്കുന്ന തൈകൾ ഗുണനിലവാരമില്ലാത്തതാണെന്നുമുള്ള പരാതി ഏറെയായി കർഷകർക്കുണ്ട്. റമ്പൂട്ടാൻ, പേര, പ്ലാവ്, മാങ്കോസ്റ്റിൻ തുടങ്ങിയ ഫലവൃക്ഷ തൈകൾക്കാണ് ഗുണനിലവാരമില്ലെന്ന പരാതി ഉയരുന്നത്.
ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന തൈകൾ ഹോർമോൺ കുത്തിവെച്ചവയാണ്. ഉപഭോക്താക്കളുടെ പരാതി വർധിച്ചതോടെ കൃഷിമന്ത്രി പി. പ്രസാദിന്റെ പ്രത്യേക നിർേദശപ്രകാരം കൃഷി ഡയറക്ടറുടെ നേതൃത്വത്തിൽ എട്ടംഗ സമിതിയുടെ ശിപാർശകൾ ഉൾപ്പെടുത്തി കരട് ബിൽ സർക്കാറിന് സമർപ്പിച്ചിരുന്നു.
നഴ്സറികളുടെ ലൈസൻസ് ഏകീകരിക്കാനും ഗുണനിലവാരമില്ലാത്ത തൈകൾ വിൽപന നടത്തുന്നവർക്കുമെതിരെ നടപടി സ്വീകരിക്കനും രൂപവത്കരിച്ച ബിൽ നടപ്പാക്കാൻ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതോടെ നഴ്സറികൾക്കെതിരെ നടപടി സ്വീകരിക്കാൻ കൃഷിവകുപ്പിനും കഴിയുന്നില്ല.
ഇതരസംസ്ഥാന നഴ്സറികളിൽ കളിമണ്ണിലാണ് തൈകൾ തയാറാക്കി എടുക്കുന്നത്. ഇത്തരത്തിൽ എത്തിക്കുന്ന തൈകൾ കൂട് പോലും മാറ്റാതെയാണ് വിൽപന നടത്തുന്നത്. ഇതേതുടർന്ന് തൈകളുടെ വേരുകൾ നേരിട്ട് മണ്ണിലേക്ക് മാറ്റിനടുമ്പോൾ പെട്ടെന്ന് ചീഞ്ഞുപോവുകയാണ്.
ഹോർമോൺ ഉപയോഗിച്ച് കായ്പിച്ച തൈകളാണ് ഇത്തരത്തിൽ എത്തിക്കുന്നവയിൽ അധികവും. ഇത് മാറിയ കാലാവസ്ഥയിൽ ഫലപ്രദമാകണമെന്നില്ല. അംഗീകൃത നഴ്സറികളിലൂടെ ഗുണമേന്മയുള്ള തൈകളുടെ വിൽപന നടത്തണമെന്നും വ്യാജ തൈകൾ ഇറക്കുമതി ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

