പൊൻകുന്നത്ത് ഏഴുചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
text_fieldsപൊൻകുന്നത്തുനിന്ന് പിടികൂടിയ നിരോധിത പുകയില ഉൽപന്നങ്ങൾ ചാക്കിൽ നിറച്ച് നീക്കുന്നു
പൊൻകുന്നം: പൊൻകുന്നം ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ചിറക്കടവ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ എക്സൈസും പൊലീസും ആരോഗ്യ വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിൽ ഏഴ് ചാക്കോളം നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. മൂന്ന് പെട്ടിക്കടകളിൽനിന്നാണ് ഇവ പിടിച്ചെടുത്തത്.
ഇതിനുപിന്നാലെ മൂന്ന് കടകളും അധികൃതർ പൂട്ടി. പഞ്ചായത്തിന്റെയോ മറ്റ് ബന്ധപ്പട്ട സർക്കാർ വകുപ്പുകളുടെയോ അനുമതിയില്ലാതെയായിരുന്നു പെട്ടിക്കടകൾ പ്രവർത്തിച്ച് വന്നിരുന്നത്. വിദ്യാർഥികളെ അടക്കം ലക്ഷ്യമിട്ടായിരുന്നു കടകളുടെ പ്രവർത്തനം. കടകൾ നടത്തിയിരുന്നവർക്കെതിരെ കേസെടുക്കുന്നതിനൊപ്പം പിഴ ചുമത്തുകയും ചെയ്യുമെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു.
പഞ്ചായത്ത് പരിധിയിൽ നിരോധിത പുകയില ഉല്പന്നങ്ങളുടെ വിൽപന തകൃതിയായി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മാസം ചിറക്കടവ് പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലെടുത്ത തീരുമാനപ്രകാരമാണ് ചൊവാഴ്ച സംയുക്ത പരിശോധന നടത്തിയത്. ഗ്രാമപ്രദേശങ്ങളിലേക്ക് കൂടി വരും ദിവസങ്ങളിൽ പരിശോധന വ്യാപിപ്പിക്കാന്നും തീരുമാനമുണ്ട്.
ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ ശ്രീകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ആന്റണി മാർട്ടിൻ, എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പഞ്ചായത്തംഗങ്ങളായ കെ.എ. എബ്രാഹം, അഭിലാഷ് എസ് .ബാബു, അസി. എക്സൈസ് ഇൻസ്പെക്ടർ റജി കൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ ഷാജി മാത്യു, എസ് .ഐ സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.

