പൊൻകുന്നം: ശുഭപ്രതീക്ഷയിലായിരുന്ന ചിറക്കടവ് ഇടഭാഗം അരിഞ്ചിടത്ത് വീട് വ്യാഴാഴ്ച ശോകമൂകമായിരുന്നു. സസിന്റെ വിളിക്ക് കാതോർത്തിരുന്ന ഇസ്മയിലിനും ഭാര്യ സിൽവിക്കും താങ്ങാനാകാത്ത വേദനയായി പൊന്നുമോന്റെ വേർപാടിന്റെ വിളിയാണ് ഒടുവിൽ എത്തിയത്.
അപകട ദിവസം മുതൽ പലതവണ വിളിച്ചുനോക്കി. പലപ്പോഴും ഫോണിൽ കിട്ടാറില്ലാത്തതുകൊണ്ട് പ്രതീക്ഷ നശിച്ചില്ല. രക്ഷപ്പെട്ടിട്ടുണ്ടാവും എന്നായിരുന്നു പ്രതീക്ഷ. അപകടത്തിൽപെട്ടവരുടെ പേരുകളിലൊന്നും സസിനില്ലാത്തത് പ്രതീക്ഷയേറ്റി. ആ പ്രതീക്ഷകളെയാണ് വ്യാഴാഴ്ച രാവിലെ കമ്പനി അധികൃതരുടെ സ്ഥിരീകരണത്തോടെ അസ്തമിച്ചത്.
മുംബൈയിൽ ഒ.എൻ.ജി.സിയുടെ കരാർ കമ്പനിയിലെ പ്രോജക്ട് എൻജിനീയറായിരുന്നു 29കാരനായ സസിൻ ഇസ്മയിൽ. മൂന്നുമാസം മുമ്പാണ് വീട്ടിലെത്തി മടങ്ങിയത്. വിവാഹം നിശ്ചയിച്ച് ഒരുക്കമെല്ലാം അന്നുമുതൽ നടത്തിയതാണ്.
ജൂണിൽ സസിന്റെ വിവാഹം നടക്കേണ്ട വീട് തിങ്കളാഴ്ച മുതൽ ശോകമൂകമായിരുന്നു. മുംബൈയിൽ ബാർജ് ചുഴലിക്കാറ്റിൽപെട്ട് കടലിൽ മുങ്ങിയ വാർത്ത അറിഞ്ഞ നിമിഷം മുതൽ സസിനായി പ്രാർഥനയിലായിരുന്നു കുടുംബവും സുഹൃത്തുക്കളും.
പത്തനംതിട്ട മുസലിയാർ എൻജിനീയറിങ് കോളജിൽ ബി.ടെക് പഠനം പൂർത്തിയാക്കി. മൂന്നു വർഷം മുമ്പാണ് മുംബൈ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല. കമ്പനി അധികൃതർ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതായി അടുത്ത ബന്ധുക്കൾ പറഞ്ഞു.