പൊന്‍കുന്നം: ഇംഗ്ലണ്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നഴ്സ് ചിറക്കടവ് ഓലിക്കല്‍ ഷീജകൃഷ്ണയുടെ (43) മൃതദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നും മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി. മുരളീധരന്, തോമസ് ചാഴികാടന് എം.പി എന്നിവര്‍ക്കും നിവേദനം നല്കി. ചിറക്കടവിലെ ഓലിക്കല്‍ വീട്ടിലെത്തിയ നിയുക്ത ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് മുഖ്യമന്ത്രിക്കുള്ള നിവേദനം കൈപ്പറ്റി. നിവേദനം മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറുമെന്നും അടിയന്തര നടപടി ആവശ്യപ്പെടുമെന്നും ജയരാജ് അറിയിച്ചു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സി.ആര്. ശ്രീകുമാര്‍, പഞ്ചായത്ത് അംഗം അഡ്വ.സുമേഷ് ആന്‍ഡ്രൂസ് എന്നിവരും വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഷീജ താമസസ്ഥലത്ത് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഓലിക്കല്‍ കൃഷ്ണന് കുട്ടിയുടെയും ശ്യാമളയുടെയും മകളാണ്. പാലാ അമനകര സ്വദേശി ബൈജുവാണ് ഭര്‍ത്താവ്. പ്ലംബിങ്, ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്തുവരുകയായിരുന്നു അവിടെ. ആയുഷ്, ധനുഷ് എന്നിവര്‍ മക്കളാണ്.
20 വര്‍ഷം മുമ്പായിരുന്നു വിവാഹം. വിവാഹശേഷമാണ് ഷീജ ഇംഗ്ലണ്ടിലേക്ക് പോയത്. പിന്നീട് ഭര്‍ത്താവ് ബൈജുവിെനയും കൂടെ കൊണ്ടുപോവുകയായിരുെന്നന്ന് ഷീജയുടെ സഹോദരന് ഷൈജുകൃഷ്ണന് പറഞ്ഞു. ആറുലക്ഷം ഇന്ത്യന്‍ രൂപയായിരുന്നു ഷീജയുടെ ശമ്പളം. ഭര്‍ത്താവും ചേര്‍ന്നുള്ള ജോയൻറ് അക്കൗണ്ടിലാണ് ശമ്പളം എത്തുന്നത്. പണം മുഴുവന്‍ കൈകാര്യം ചെയ്യുന്നത് ഭര്‍ത്താവ് ബൈജു ആയിരുന്നു. നാട്ടിലെത്തുന്ന ഷീജക്ക് മടങ്ങിപ്പോകാനുള്ള യാത്രച്ചെലവുപോലും വീട്ടില്‍നിന്നാണ് കൊടുത്തിരുന്നതെന്നും മാതാവ് ശ്യാമള പറഞ്ഞു. രണ്ടാമത്തെ കുട്ടി ജനിച്ചപ്പോള്‍ പരിചരണത്തിന് ഇംഗ്ലണ്ടിലെത്തിയ ശ്യാമളയുടെ മുന്നില്‍വെച്ചും ബൈജു ഷീജയെ ഉപദ്രവിക്കുമായിരുന്നു. വിവാഹം നടക്കുമ്പോള്‍ ഓലക്കുടിലില്‍ താമസിച്ചിരുന്ന ബൈജുവിന് ഇപ്പോള്‍ ഇരുനിലവീടും നാട്ടിലും ഇംഗ്ലണ്ടിലുമായി കോടികളുടെ ആസ്തിയുമുണ്ടെന്ന് ഷീജയുടെ ബന്ധുക്കള്‍ പറഞ്ഞു. ഇംഗ്ലണ്ടിലെ നിയമപ്രകാരം ഭര്ത്താവിെൻറകൂടി സമ്മതമുണ്ടെങ്കിലേ മൃതദേഹം അവിടെനിന്ന് കൊണ്ടുപോരാനാകൂ എന്നാണ് അറിയുന്നത്.