പൊൻകുന്നം: മൂന്ന് പതിറ്റാണ്ടായി ചിറക്കടവ് എസ്.പി.വി.എൻ.എസ്.എസ് യു.പി. സ്കൂളിൽ (മന്ദിരം സ്കൂൾ) പാഠ്യപാഠ്യേതര വിഷയങ്ങളിലും പഠനോപകരണ നിർമാണത്തിലും കലോത്സവത്തിനും വിദ്യാർഥികൾക്ക് പരിശീലനം നൽകുന്ന എം.എൻ. രാധാകൃഷ്ണൻ ആചാര്യയെ അനുമോദിച്ചു.
സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിച്ച് കൊണ്ട് പഠനോപകരണ നിർമാണ ശിൽപശാല, പഠനക്കളരി എന്നിവ സംഘടിപ്പിക്കുന്ന രാധാകൃഷ്ണൻ കുട്ടികളുടെ കയ്യെഴുത്ത് മാസികയായ 'ആരാമ'ത്തിനും നേതൃത്വം നൽകുന്നു. കുട്ടികളെ ബാഗ് നിർമാണം, കവർ നിർമാണം എന്നിവയും പരിശീലിപ്പിക്കുന്നുണ്ട്.
അനുമോദന യോഗത്തിൽ സ്കൂൾ മാനേജർ കെ.ആർ. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ബി. കൃഷ്ണകുമാർ ഉപഹാര സമർപ്പണം നടത്തി. മുൻ ഹെഡ് മിസ്ട്രസ് ഗീതാകുമാരി സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് അശോക് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. നിഷ നന്ദിയും പറഞ്ഞു.