മുഖ്യമന്ത്രിയുടെ പരിപാടിക്ക് പാർക്കിങ് ഒരുക്കാൻ പൊലീസ് ക്വാർട്ടേഴ്സ് ഇടിച്ചുനിരത്തി
text_fieldsകോട്ടയം: കടുത്തുരുത്തിയിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്ക് വാഹന പാർക്കിങ് ഒരുക്കാൻ പഴയ പൊലീസ് ക്വാർട്ടേഴ്സുകൾ ഇടിച്ചുനിരത്തി.
ലേലം ചെയ്യാൻ പൊലീസിന് വിട്ടുനൽകിയ ക്വാർട്ടേഴ്സുകളാണ് ഇടിച്ചുനിരത്തിയത്. ടെൻഡറില്ലാതെ കെട്ടിടം പൊളിച്ചുമാറ്റിയതിലൂടെ സർക്കാർ ഖജനാവിന് നഷ്ടം ലക്ഷങ്ങൾ. ക്വാർട്ടേഴ്സുകൾ മഴയിൽ തകർന്നുവീണതാണെന്നും തങ്ങൾ നിരപ്പാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസ് വാദം. സ്ഥലത്തെ മരങ്ങൾ നേരത്തേ ലേലം നടത്തി മുറിച്ചുമാറ്റിയിരുന്നു.
രണ്ട് ഡബിൾ ക്വാർട്ടേഴ്സും സിംഗിൾ ക്വാർട്ടേഴ്സുമാണ് പൊളിക്കാനുണ്ടായിരുന്നത്. ഇതിന് പൊതുമരാമത്ത് വകുപ്പ് മൂന്നര ലക്ഷം രൂപ വിലയിട്ടിരുന്നു. മൂന്നുതവണ ഓൺലൈൻ ലേലത്തിനുവെച്ചപ്പോൾ ആരുമെത്തിയില്ല. തുടർന്ന് പൊലീസിനുതന്നെ ലേലനടപടികൾക്കു കൈമാറി. ലേലം നടത്തി, കരാറുകാരൻ മുഴുവൻ പണവും അടച്ചശേഷമേ കെട്ടിടം പൊളിക്കാൻ അനുമതി നൽകാനാവൂ. എന്നാൽ, ലേലം ചെയ്യാതെ മുഖ്യമന്ത്രി വന്ന ദിവസം നോക്കി കെട്ടിടം പൊളിച്ചുനീക്കുകയായിരുന്നു.
ആഞ്ഞിലിത്തടിയും ഓടുകളും അടക്കം കെട്ടിടത്തിലുണ്ടായിരുന്നു. മഴയിൽ തകർന്നതാണെങ്കിൽ മറ്റ് കെട്ടിടഭാഗങ്ങളെയും ബാധിച്ചേനെ. എന്നാൽ, ഇതിനോടു ചേർന്ന ശോച്യാവസ്ഥയിലായ മറ്റ് കെട്ടിടങ്ങൾ അതേപടി നിൽക്കുന്നുണ്ട്.
ബൈപാസ് ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി എത്തിയത്. പരിപാടിക്കെത്തിയവരുടെ വാഹനങ്ങൾ പാർക്ക് ചെയ്തത് ക്വാർട്ടേഴ്സുകൾ പൊളിച്ചുനീക്കിയ സ്ഥലത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

