തിരുനക്കര കിടുങ്ങിയ മിനിറ്റുകൾ; ഒടുവിൽ 'രഹസ്യം' വെളിപ്പെടുത്തി പൊലീസ്
text_fieldsമോക്ഡ്രില്ലിന്റെ ഭാഗമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗ് ഡോഗ് സ്ക്വാഡ്
പരിശോധിക്കുന്നു
കോട്ടയം: തിരുനക്കര മൈതാനത്തുനിന്ന് വെടിയൊച്ച, പിന്നാലെ സമീപത്തുണ്ടായിരുന്ന മുഴുവൻ പേരെയും ഒഴിപ്പിച്ച പൊലീസ്, റോഡുകളും അടച്ചു. അപ്രതീക്ഷിത സംഭവങ്ങളിൽ നഗരം ഞെട്ടിയ മിനിറ്റുകൾ. ഇതിനിടെ കുതിച്ചെത്തിയ പൊലീസ് ആകാശത്തേക്ക് വെടിയുതിർത്ത രണ്ടുപേരെ കീഴ്പ്പെടുത്തി. ഒരാൾ സംഭവ സ്ഥലത്തുനിന്ന് വാഹനവുമായി രക്ഷപ്പെട്ടു. നഗരം ഭീതിയോടെ ഉറ്റുനോക്കുന്നതിനിടെ പൊലീസ് 'രഹസ്യം' വെളിപ്പെടുത്തി. മോക് ഡ്രില്ലായിരുന്നു ഇത്. കോട്ടയം ജില്ല പൊലീസ് സുരക്ഷയുടെ ഭാഗമായി ഒരുക്കിയ മോക് ഡ്രില്ലിന്റെ ഭാഗമായിട്ടായിരുന്നു വെടിവെപ്പും തുടർസംഭവങ്ങളും. നേരത്തേ പൊലീസ് തയാറാക്കി നിർത്തിയവരാണ് വെടിയുതിർത്തത്. മുൻകൂട്ടി തീരുമാനിച്ച പ്രകാരമായിരുന്നു തുടർസംഭവങ്ങളും. ശനിയാഴ്ച രാവിലെ 11.15 ഓടെയായിരുന്നു 'നാടകീയ സംഭവങ്ങൾ'.
നഗരമധ്യത്തിൽ വാഹനത്തിൽ വന്നിറങ്ങിയ അക്രമി സംഘം നാട്ടുകാരുമായി ഏറ്റുമുട്ടുകയും അപ്രതീക്ഷിതമായി വെടിയുതിർക്കുകയുമായിരുന്നു. ആകാശത്തേക്ക് വെടിയുതിർത്ത അക്രമി സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സ്ഫോടകവസ്തുക്കൾ നിറച്ച ബാഗും ഇവരുടെ കൈയിലുണ്ടായിരുന്നു. ഭയന്ന നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. ഉടൻ കോട്ടയം വെസ്റ്റ് പൊലീസും കൺട്രോൾ റൂം സംഘവും സ്ഥലത്തെത്തി. ഇവർ അക്രമികളെ കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനിടെ പരിക്കേറ്റ അക്രമിയെ കൊണ്ടുപോകാൻ പൊലീസ് ആംബുലൻസിന്റെ സഹായംതേടി. ബോംബുകൾ നിർവീര്യമാക്കാൻ ബോബ് സ്ക്വാഡും ഫയർഫോഴ്സും സ്ഥലത്തേക്ക് കുതിച്ചെത്തി.
നാടൻ തോക്കുമായാണ് അക്രമിസംഘം വെടി ഉതിർത്തത്. അക്രമികളെ പിടികൂടിയതോടെ നാട്ടുകാർക്കും ആശ്വാസമായി. ഇതിനുശേഷമാണ് പൊലീസ് കാര്യം വെളിപ്പെടുത്തിയത്. ഇത്തരമൊരു സംഭവമുണ്ടായാൽ എത്രസമയം കൊണ്ട് എത്താൻ കഴിയുമെന്ന കാര്യങ്ങൾ പരിശോധിക്കാനായിരുന്നു മോക്ഡ്രില്ലെന്ന് ഇവർ വിശദീകരിച്ചു. പൊലീസിനൊപ്പം ഫയർഫോഴ്സ്, ആംബുലൻസ് എന്നിവയും എത്രസമയം എടുത്ത് സ്ഥലത്ത് എത്തുമെന്നായിരുന്നു പരിശോധന. അരമണിക്കൂറോളം നാടകീയ സംഭവങ്ങൾ നീണ്ടു. 60 പൊലീസുകാർ മോക്ഡ്രില്ലിൽ പങ്കുചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

