ബസിനടിയിൽപ്പെട്ട് വിദ്യാര്‍ഥിനികളുടെ മരണം; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
text_fieldsകോട്ടയം: ദേശീയപാത 183ൽ പാമ്പാടിക്ക് സമീപം കോത്തലയിൽ സ്‌കൂട്ടര്‍ യാത്രക്കാരായ വിദ്യാർഥിനികൾ ബസിനടിയിൽപ്പെട്ട് മരിച്ച സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. വാഹനയാത്രക്ക് തടസ്സമുണ്ടാകുംവിധം റോഡില്‍ അനുവദനീയമായതിലും കൂടുതൽ കയറി നിന്ന് സംസാരിച്ച രണ്ടു പേര്‍ക്കെതിരെയാണ് അന്വേഷണം ആരംഭിച്ചത്. ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരമാണ് ഇവര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നത്.
കാൽനടയാത്രക്കാർക്ക് റോഡിന്‍റെ വശത്തുള്ള വെള്ളവര മറികടക്കാൻ അനുവാദമില്ല. വാഹനങ്ങൾ വെള്ള വരക്കുള്ളിൽ നിർത്തിയിടാനോ വരക്കുള്ളിൽ നിർത്തിയിട്ട് യാത്രക്കാർ സംസാരിക്കാനോ പാടുള്ളതല്ല. എന്നാൽ, കോത്തല അപകടത്തിന്‍റെ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇരുചക്ര വാഹന യാത്രക്കാരൻ വെള്ള വരയിൽ നിർത്തിയിട്ടിരിക്കുന്നതും റോഡിനുള്ളിൽ നിൽക്കുന്ന മറ്റൊരാളുമായി സംസാരിക്കുന്നതും വ്യക്തമായി കാണാം.
എതിർവശത്ത് നിന്ന് ബസ് വരുകയും റോഡിരികിൽ വാഹനം നിർത്തി രണ്ടു പേർ സംസാരിച്ച് നിൽകുകയും ചെയ്ത സാഹചര്യത്തിലാണ് മുന്നിൽ പോയ കാർ ബ്രേക്കിട്ടത്. ഇതേതുടർന്ന് നിയന്ത്രണംവിട്ട് വിദ്യാർഥികൾ സഞ്ചരിച്ച സ്കൂട്ടർ എതിർദിശയിൽ പോയ ബസിനടിയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിക്കുന്നത്. രണ്ടു പേർ റോഡിൽ കയറി നിന്ന് സംസാരിച്ചത് അപകട കാരണമായെന്ന് ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ബസിനടിയിൽപ്പെട്ട് വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി പൊലീസ് നിലവിൽ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് കോത്തലയിലുണ്ടായ വാഹനാപകടത്തിൽ സുഹൃത്തുകളായ പാമ്പാടി സ്വദേശി കൃപ മെറിന്‍ കുര്യാക്കോസും മീനടം സ്വദേശി ആഷ്‌ലി ആന്‍ തോമസും മരിച്ചത്.

